ആയുർവേദ മേഖലയ്ക്ക് ആശങ്കകകളുടെ മറ്റൊരു കർക്കി​ടക സീസൺ​ കൂടി​

ആലപ്പുഴ: മറ്റൊരു കർക്കി​ടകം കൂടി​ വന്നെത്തുമ്പോൾ കൊവി​ഡ് ആശങ്കകളും പ്രതി​സന്ധി​കളുമാണ് ആയുർവേദ ആശുപത്രി​കളെ കാത്തി​രി​ക്കുന്നത്. ആയുർവേദ മേഖലയെ സംബന്ധിച്ചിടത്തോളം ടൂറിസം സീസൺ തന്നെയായ കർക്കി​ടകം ഇക്കുറി​യും നഷ്ടപ്പെടുമോ എന്നതാണ് പ്രധാനമായും ഇവരെ അലട്ടുന്നത്.

ജില്ലയിലെ ടൂറിസം മേഖലയി​ൽ പഞ്ഞക്കർക്കടക കാലം കോടികൾ കൊയ്യുന്ന ചികിത്സാ കാലം കൂടിയായിരുന്നു. ടൂർപാക്കേജുകാർ മൺസൂൺ ടൂറിസത്തിൽ കർക്കടക ആയുർവേദ ചികിത്സയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനം എല്ലാം കവർന്നു. വി​ദേശി​കൾ ചി​കി​ത്സയ്ക്ക് എത്താത്ത സാഹചര്യമാണ് പ്രധാന തി​രി​ച്ചടി​. തദ്ദേശീയരായ ഉപഭോക്താക്കളെക്കൊണ്ട് എത്രത്തോളം സീസൺ​ സജീവമാക്കാൻ കഴി​യുമെന്നത് കണ്ടറി​യണം.

വിദേശികളെയും സ്വദേശികളെയും ആകർഷിക്കുന്ന പാക്കേജുകളാണ് ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇളവുകൾ ലഭിച്ചാൽ വിദേശികൾ എത്തുമെന്ന പ്രതീക്ഷ ഈ മേഖല കൈവിട്ടില്ല. പ്രമുഖ കേന്ദ്രങ്ങളിൽ രണ്ട് മാസം മുമ്പ് തന്നെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട് .

കൊവിഡ് പ്രതിരോധ ചികിത്സയും കൊവിഡാനന്തര ചികിത്സയും എല്ലാ ആയുർവേദ ആശുപത്രികളിൽ ഇപ്പോൾ നടക്കുന്നുണ്ട്.

ഇതിന് ആയൂർ ഷീൽഡ് പദ്ധതിയാണ് സർക്കാർ തലത്തിൽ നടപ്പാക്കുന്നത്.

...........................

# കർക്കടക ചികിത്സ

വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ ശരീരബലം കുറയുന്നതു വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കി​ടക ചികിത്സയിലൂടെ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് നിഗമനം. ആയുർവേദത്തിലെ പഞ്ചകർമ്മങ്ങളിൽപെടുന്ന വമനം, വിരേചനം, വസ്തി, നസ്യം എന്നിവയാണ് കർക്കടക ചികിത്സയിൽ പ്രധാനം. ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, ശിരോധാര, അഭ്യംഗം, നസ്യം തുടങ്ങിയ ചികിത്സകളോടൊപ്പം പഥ്യാഹാരവും പ്രത്യേകം തയ്യാറാക്കുന്ന മരുന്ന് കഞ്ഞി സേവയും ചേരുന്നതാണ് കർക്കടക ചികിത്സ.

................................

# പാക്കേജുകൾ പലവിധം

സാധാരണ 7, 14, 21 ദിവസങ്ങളിലാണ് കർക്കടക ചികിത്സ നടക്കുന്നത്. വസ്തി, കിഴി, ധാര, പിഴിച്ചിൽ തുടങ്ങിയവയും ചികിത്സയിൽ ഉൾപ്പെടുത്താറുണ്ട്. പരിചയസമ്പന്നരായ ഡോക്ടർമാർ, തെറാപ്പിസ്റ്റുകൾ, സുസജ്ജമായ ചികിത്സാ മുറികൾ, സൗകര്യപ്രദമായ താമസത്തിനുള്ള മുറികൾ, ശാന്തമായ അന്തരീക്ഷം, ആയുർവേദ ഭക്ഷണം എന്നീ സൗകര്യങ്ങളും ഗുണനിലവാരവും അനുസരിച്ച് ചികിത്സയുടെ തുകയും ഉയരും. പാക്കേജുകളെക്കാൾ കൂടുതൽ രോഗിക്ക് ആവശ്യമായ ചികിത്സാ രീതിയാണ് കർക്കടക മാസത്തിൽ ഡോക്ടമാർ നിർദ്ദേശിക്കുന്നത്.

# ചികിത്സാ പാക്കേജുകൾ

7 ദിവസം: 84000 - 50,000

14 ദിവസം: 20,000 -1 ലക്ഷം

21 ദിവസം: 50,000 - 1.5 ലക്ഷം

.......................

''കൊവിഡ് വ്യാപനത്തെതുടർന്ന് തുടർച്ചയായി രണ്ടാം വർഷവും കർക്കടക ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം കുറയും. ഇത് ആശങ്കയോടെയാണ് കാണുന്നത്. ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ സുരക്ഷ 100 ശതമാനം ഉറപ്പാക്കുന്നുണ്ട്. ആർ.ടി.പി.സി എടുത്ത് ഫലം വന്നതിന് ശേഷമേ രോഗികളുടെ ചികിത്സ ആരംഭിക്കൂ. കർക്കടക ചികിത്സയ്ക്ക് പുറമേ കൊവിഡ് പ്രതിരോധ ചികിത്സയും കൊവിഡാനന്തര ചികിത്സയും ചെയ്യുന്നുണ്ട്.

(ഡോ.ജയശ്രീ, ശ്രീപാദം ആയുർവേദ പഞ്ചകർമ്മ ആശുപത്രി ചീഫ് ഫിസീഷ്യൻ)

...................................................