s

ആലപ്പുഴ: ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ കാലയവനികയിൽ മറഞ്ഞപ്പോൾ, അദ്ദേഹവുമൊന്നിച്ച് അഭിനയിച്ച മുഹൂർത്തങ്ങളുടെ തിരയിളക്കമാണ് സിനിമാ സീരിയൽ താരം പുന്നപ്ര അപ്പച്ചന്റെ മനസു നിറയെ.

1984ൽ റിലീസായ രമേഷ് തൽവാർ ചിത്രമായ 'ദുനിയ'യിലാണ് ദിലീപ് കുമാറിനൊപ്പം അഭിനയിക്കാനുള്ള അവസരം അപ്പച്ചന് ലഭിച്ചത്. കൊച്ചിയിൽ 13 ദിവസത്തെ ചിത്രീകരണമാണുണ്ടായിരുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോള‌ർ വിജയൻ പെരിങ്ങോടിന്റെ സഹായിയും പ്രൊഡക്ഷൻ മാനേജരുമായാണ് അപ്പച്ചൻ ചിത്രത്തിന്റെ ഭാഗമാകാനെത്തിയത്. എന്നാൽ അപ്പച്ചനിലെ അഭിനയ മോഹം അറിയുന്ന വിജയൻ പെരിങ്ങോട് സംവിധായകൻ രമേഷ് തൽവാറിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ റോൾ തരപ്പെടുത്തി നൽകി. മോഹൻ കുമാറെന്നെ ദിലീപ് കുമാർ കഥാപാത്രത്തെ അറസ്റ്റ് ചെയ്യുന്നതുൾപ്പടെ ഒരുപിടി സീനുകൾ അനശ്വര നടനൊപ്പം അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് അപ്പച്ചൻ പറയുന്നു.

ഷൂട്ടിംഗ് സെറ്റിലെത്താൻ വെള്ള ബെൻസ് കാർ വേണമെന്ന ദിലീപ് കുമാറിന്റെ ആഗ്രഹം മണിക്കൂറുകൾക്കുള്ളിൽ സാധിച്ചുകൊടുത്തതും അപ്പച്ചന്റെ ഓർമയിലുണ്ട്. കൊച്ചിയിലെ പ്രശസ്തമായ കുമാർ ടാക്സീസിൽ അന്ന് ബെൻസ് കാറുണ്ടായിരുന്നെങ്കിലും വെള്ള നിറം ലഭ്യമായിരുന്നില്ല. അദ്ദേഹത്തിന്റെ ആഗ്രഹം മനസിലാക്കിയ അപ്പച്ചനടങ്ങുന്ന പ്രൊഡക്ഷൻ സംഘത്തിന്റെ നിർബന്ധത്തിനൊടുവിൽ പുലർച്ചെ മൂന്നിന്, വെള്ള സ്പ്രേ പെയിന്റടിച്ച കാർ സെറ്റിലെത്തിച്ചു! മറ്റ് ചിത്രങ്ങൾക്ക് സംവിധായകൻ പാക്ക് അപ്പ് പറയുമ്പോൾ, ദിലീപ് കുമാർ ചിത്രങ്ങളിൽ അദ്ദേഹം തന്നെ പാക്ക് അപ്പ് പറയുന്നതും വേറിട്ട കാഴ്ചയായിരുന്നു. സുഖമില്ലാതെ കിടന്നപ്പോൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. അതാണ് സങ്കടമായി അവശേഷിക്കുന്നതെന്ന് അപ്പച്ചൻ പറയുന്നു.