തുറവൂർ: വിവിധ കേസുകളിലെ പ്രതികളായ സഹോദരങ്ങളെ കാപ്പ നിയമപ്രകാരം നാടു കടത്തി. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കൊടിയനാട്ട് വീട്ടിൽ ഗോഡ് സൺ (25), അനുജൻ ഗോഡ് വിൻ (23) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽജില്ലയിൽ നിന്ന് നാടുകടത്തിയത്.പൊലീസിന്റെ മുൻകൂർ അനുമതിയില്ലാതെ ഒരു വർഷക്കാലത്തേക്ക് ഇരുവർക്കും ജില്ലയിൽ പ്രവേശിക്കാനാവില്ല. 2015 മുതൽ ഇരുവരും അരൂർ ,കുത്തിയതോട് പൊലീസ് സ്റ്റേഷനുകളിലെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വർഷങ്ങൾക്ക് മുൻപ് പൊലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിച്ചു കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും കേസുണ്ടായിരുന്നു.