photo-1
ബീവറേജ് ഔട്ലെറ്റിൽ ക്രമസാധനം നിയന്ത്രിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥൻ

ചാരുംമൂട്: കൊവിഡ് കാലത്ത് വാറ്റുകാരുടെ പേടിസ്വപ്നമായി മാറിയിരിക്കുന്ന എക്സൈസിന്, ബിവറേജസ് ഔട്ട് ലെറ്റുകളുടെ മുന്നിലെ 'ക്രമസമാധാന പാലനം' വഴങ്ങുന്നില്ല. അഞ്ഞൂറുപേർ ക്യൂവിലുള്ള ഔട്ട് ലെറ്റിൽ ഒരു പൊലീസുകാരന് കാര്യങ്ങൾ നിയന്ത്രിക്കാമെന്നിരിക്കെ എക്സൈസ് ഉദ്യോഗസ്ഥരെ ഉപഭോക്താക്കൾക്ക് അത്ര ഭയമില്ല. അതുകൊണ്ടുതന്നെ അധികജോലി അധികഭാരമായി മാറിയിരിക്കുകയാണ് എക്സൈസിന്.

നിലവിൽ രണ്ടു ഉദ്യോഗസ്ഥരെ വീതമാണ് ഓരോ ഔട്ട് ലെറ്റിലും നിയോഗിച്ചിരിക്കുന്നത്. എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിൽ ഫലപ്രദമായി ഇടപെടാൻ ഇവർക്കു കഴിയുന്നില്ല. മദ്യം എക്സൈസിന്റെ 'വകുപ്പാ'യതിനാലാണ് ഔട്ട് ലെറ്റുകളിലെ തിരക്കുകളിലേക്ക് ഇവരെയും നിയോഗിച്ചത്.

കൊവിഡിന്റെ മറവിൽ വർദ്ധിച്ച അനധികൃത മദ്യക്കച്ചവടങ്ങൾക്ക് തടയിടാൻ അക്ഷീണ പ്രയത്നമാണ് എക്സൈസ് വകുപ്പ് നടത്തുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിലും മറ്റും റെയ്ഡിനു പോവുന്നതു തന്നെ വെല്ലുവിളിയാണ്. കൊവിഡ് രോഗിയായ ആൾ, വീട്ടിൽ നിന്ന് മറ്റുള്ളവർ ഒഴിഞ്ഞപ്പോൾ സുഹൃത്തുക്കളെയും കൂട്ടി വാറ്റു നടത്തുകയും വിവരമറിഞ്ഞെത്തിയ എക്സൈസ് സംഘം വാറ്റും ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെ കിട്ടിയില്ലെങ്കിലും കൊവിഡ് രോഗി കൈകാര്യം ചെയ്ത വാറ്റുകേന്ദ്രമായതിനാൽ ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പോകേണ്ട ഗതികേടും ഈ കൊവിഡ് കാലത്ത് എക്സൈസിന് ഉണ്ടായി!

.........................................

വലിയ തിരക്കുള്ള ഔട്ലെറ്റുകളിൽ ക്രമസമാധാന പാലനം എക്സൈസിനു വെല്ലുവിളിയാകുന്നുണ്ട്. പൊലീസിനെയും പൊതുജനങ്ങളെയും സഹായിക്കാനാണ് മദ്യശാലകളിലെ ക്രമസമാധാന പാലനത്തിന്റെ അധിക ഉത്തരവാദിത്വം എക്സൈസ് ഏറ്റെടുത്തത്. പൊലീസിന് ലഭിക്കുന്ന സഹകരണം അവിടെ ഡ്യൂട്ടി ചെയ്യുന്ന എക്സൈസ് ഉദോഗസ്ഥരും ജനങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്

കെ.കെ. അനിൽ കുമാർ,
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ , ആലപ്പുഴ