അമ്പലപ്പുഴ: വൃദ്ധദമ്പതികൾ മാത്രം താമസിക്കുന്ന വീടിനുനേരെ സാമൂഹ്യവിരുദ്ധരുടെ നിരന്തര ആക്രമണമെന്നു പരാതി. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി സന്ധ്യാ ഭവനത്തിൽ സുധാകരനും (78) ഭാര്യ ചന്ദ്രികയുമാണ് നാലുമാസമായി തുടരുന്ന ആക്രമണം സംബന്ധിച്ച് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്.
ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ താമസം. തൊട്ടടുത്ത് ആളൊഴിഞ്ഞൊരു വീടുണ്ട്. ഇവിടെ രാത്രികാലത്ത് തമ്പടിക്കുന്ന യുവാക്കളാണ് അക്രമത്തിനു പിന്നിലെന്ന് പരാതിയിൽ പറയുന്നു. രണ്ടു മാസം മുൻപ് അടുക്കളയുടെ ഇരുമ്പ് വാതിൽ അഴിച്ചു കൊണ്ടു പോകുകയും അടുക്കളയിലുണ്ടായിരുന്ന പലചരക്കു സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തിരുന്നു. പറമ്പിലെ വാഴകളും മറ്റും വെട്ടി നശിപ്പിച്ചു. കഴിഞ്ഞ മേയ് 13ന് രാത്രി ആട്ടിൻകൂട്ടിൽ കയറി, പ്രസവിച്ചു കിടന്ന ആടിനെ കൊന്ന് കെട്ടിത്തൂക്കിയിട്ടു. കഴിഞ്ഞ ഏഴിന് വളർത്തു നായയെ അഴിച്ചു കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി. തങ്ങൾക്ക് സ്വസ്ഥമായി ഉറങ്ങാൻ പോലുമാവാത്ത അവസ്ഥയാണെന്നും ദമ്പതികളുടെ പരാതിയിൽ പറയുന്നു.