s

ജില്ലയിലും സിക്ക ജാഗ്രത നിർദ്ദേശം


ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി 'സിക്ക' വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജലസ്രോതസുകൾ ഏറെയുള്ള ആലപ്പുഴയിൽ അതീവ ജാഗ്രത അനിവാര്യമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗ വാഹകർ.

ഗർഭിണികളെയാണ് വൈറസ് സാരമായി ബാധിക്കുന്നത്. ഗർഭകാലത്തുള്ള സിക്ക വൈറസ് ഗർഭസ്ഥ ശിശുക്കളിൽ അംഗ വൈകല്യത്തിന് കാരണമായേക്കാം. ഗർഭകാലത്തുള്ള സങ്കീർണതയ്ക്കും ഗർഭഛിദ്രത്തിനും സാദ്ധ്യത കൂട്ടും. കുട്ടികളിലും മുതിർന്നവരിലും സിക്ക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശ്‌നങ്ങളുമുണ്ടാകാം. കൊതുകു കടിയിൽ നിന്നു രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനിൽക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കണം. ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ട്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കാണം.

രോഗ ലക്ഷണം

പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന


 സിക്ക വൈറസ് പ്രതിരോധിക്കാനോ ചികിത്സിക്കാനോ മരുന്ന് ലഭ്യമല്ല

 അനുബന്ധ ചികിത്സയാണ് നൽകുന്നത്

 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീളും

 3 മുതൽ 14 ദിവസമാണ് വൈറസിന്റെ ഇൻകുബേഷൻ കാലയളവ്

 പലർക്കും രോഗലക്ഷണങ്ങൾ കാണാറില്ല

 മരണങ്ങൾ അപൂർവം


എൻ.സി.ഡി.സി ഡൽഹി, എൻ.ഐ.വി പൂന എന്നിവിടങ്ങളിലാണ് വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആർ.ടി.പി.സി.ആർ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവർ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. സിക്ക ബാധിത പ്രദേശത്ത് ലക്ഷണമുള്ള ഗർഭിണികൾ പരിശോധനയും ചികിത്സയും തേടേണ്ടതാണ് - ആരോഗ്യ പ്രവർത്തകർ