ആലപ്പുഴ: പരിശോധനയിൽ കുടിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ രണ്ട് സ്വകാര്യ ആർ.ഒ പ്ലാന്റുകൾ കൾ നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു. നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. കാളാത്ത്, കൈ ചൂണ്ടി മുക്ക് പ്രദേശങ്ങളിലെ ആർ.ഒ പ്ലാന്റുകളാണ് പൂട്ടിയത്.
നഗരത്തിൽ ഛർദി, അതിസാരം എന്നിവ പകർന്നതോടെ രോഗത്തിന്റെ ഉറവിടം തേടി നടത്തിയ പരിശോധനയിൽ നഗരത്തിലെ സ്വകാര്യ ആർ.ഒ പ്ലാന്റുകളിലെ ജലം പരിശോധനയ്ക്കായി തിരുവനന്തപുരത്തെ സർക്കാർ ലാബിൽ പരിശോധനയ്ക്കയച്ചിരുന്നു.
കാളാത്ത്, കൈ ചൂണ്ടി മുക്ക് പ്രദേശങ്ങളിലെ ആർ.ഒ പ്ലാൻറുകളിലെ ജലത്തിൽ യഥാക്രമം 13 എം.പി.എൻ,8 എം.പി.എൻ/100 മില്ലി എന്ന നിരക്കിലാണ് കോളിഫോം ബാക്ടീരിയയുടെ അളവ് കണ്ടെത്തിയത്. 2 എം.പി.എൻ/100 മില്ലി എന്നതാണ് വെള്ളത്തിൽ അനുവദനീയമായ കോളിഫോം ബാക്ടീരിയ നിരക്ക്. ഹെൽത്ത് ഇൻസ്പെക്ടർമാരായ ആർ.ജയകൃഷ്ണൻ, എസ്.ഹർഷിദ്.അനിൽകുമാർ.ആർ, അനിൽകുമാർ.പി എന്നിവരടങ്ങുന്ന സ്ക്വാഡാണ് ആർ.ഒ പ്ളാന്റുകൾക്കെതിരെ നടപടി സ്വീകരിച്ചത്. നഗരത്തിൽ ആർ.ഒ പ്ലാന്റുകളിലും മത്സ്യ,മാംസ വില്പനശാലകളിലും പരിശോധന തുടരുകയാണ്.
നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് വിളിച്ചു ചേർത്ത വിശകലന യോഗത്തിൽ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ്, തിരുവനന്തപുരം ഒ.ആർ.ടി അസി.ഡയറക്ടർ ഡോ.ബിനോയ്.എസ്.ബാബു, ആരോഗ്യ വകുപ്പ് തിരുവനന്തപുരം ഡി.എച്ച്.എസ് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.സുരഷ് കുമാർ, ആലപ്പുഴ ഡി.എം.ഒ ഓഫീസിൻ്റെ കീഴിലെ എപ്പിഡമോളജിസ്റ്റ് ഡോ.രാജശ്രീ ഗോവിന്ദ്, ടെക്നിക്കൽ അസിസ്റ്റൻറ് പി.ജെ ജോസഫ് സാർത്തോ, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ അരുൺലാൽ എസ്.വി ,ജല അതോറിട്ടി അസി.എൻജിനീയർ ബെൻ ബ്രൈറ്റ്, ഹെൽത്ത് ഇൻസ്പെക്ടർ എസ്.ഹർഷിദ് എന്നിവർ പങ്കെടുത്തു.