ആലപ്പുഴ: ഓൺലൈൻ ക്ലാസുകളുടെ രണ്ടാം സീസണിലും ഫീസിനത്തിൽ രക്ഷിതാക്കളുമായി സന്ധി ചെയ്യാതെ സ്വകാര്യ ഇംഗ്ളീഷ് മീഡിയം സ്കൂളുകൾ. ട്യൂഷൻ ഫീസിന് പുറമെ, കമ്പ്യൂട്ടർ, സയൻസ് ലാബ് ഫീസുകളും ഈടാക്കുകയാണ്. പ്രാക്ടിക്കൽ ക്ലാസുകളില്ലാതെ ലാബ് ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വർഷം പരാതികൾ വ്യാപകമായിരുന്നതിനാൽ പല സ്കൂളുകളും ഇക്കുറി സ്ലിപ്പ് നൽകാതെ ഫീസിനത്തിൽ ഒറ്റത്തുകയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ നഗരത്തിലെ പ്രശസ്തമായ സ്വകാര്യ സ്കൂളിൽ അദ്ധ്യയന വർഷം പൂർത്തിയാകുമ്പോൾ ട്യൂഷൻ ഫീസിനത്തിൽ മാത്രം ലക്ഷങ്ങൾ ചെലവാകുമെന്ന് രക്ഷിതാക്കൾ പറയുന്നു. കിൻഡർ ഗാർട്ടൻ വിദ്യാർത്ഥികളിൽ നിന്ന് ഒരു സെമസ്റ്ററിലേക്ക് 9,000 രൂപവരെ ഈടാക്കുന്ന സ്കൂളുകളുണ്ട്. നിശ്ചിത തീയതിക്കുള്ളിൽ തുക അടച്ചില്ലെങ്കിൽ ക്ലാസുകളുടെ ലിങ്ക് കുട്ടികൾക്ക് അയച്ചു നൽകില്ല. ട്യൂഷൻ ഫീസിന് പുറമേ, അഡ്മിഷൻ, സ്പെഷ്യൽ ഫീസ് ഇനങ്ങളിൽ പതിനായിരങ്ങളാണ് ഓരോ കുട്ടിയിൽ നിന്നും ഈടാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൊവിഡ് കാലത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന തീവെട്ടിക്കൊള്ളയ്ക്കെതിരെ നിരവധി രക്ഷിതാക്കൾ ജില്ലാ ഭരണകൂടത്തിനും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.
.........................................
₹ 9,000: കെ.ജി വിദ്യാർത്ഥികളിൽ നിന്നുപോലും ഒരു സെമസ്റ്ററിന് (മൂന്നു മാസം) ചില സ്കൂളുകൾ വാങ്ങുന്ന ഫീസ്
........................................
# ചോരുന്ന വഴികൾ
ഒരു സെമസ്റ്റർ ഫീസ് പതിനായിരങ്ങൾ
പരാതി ഇല്ലാതാക്കാൻ ഫീസ് സ്ലിപ്പ് ഒഴിവാക്കി
ഇല്ലാത്ത പ്രാക്ടിക്കൽ ക്ലാസിനും ഫീസ്
ഫീസടയ്ക്കാത്തവർക്ക് ക്ലാസില്ല
ഫൈൻ ഈടാക്കുന്നു
........................................
# കണ്ടും കേട്ടും അദ്ധ്യാപകർ!
ഫീസിനത്തിൽ വൻ തുക ഊറ്റിയെടുക്കുമ്പോഴും ശമ്പള വർദ്ധന നൽകാതെ അദ്ധ്യാപകരെ വലയ്ക്കുകയാണ് പല സ്കൂളുകളും. ആനുകൂല്യങ്ങൾ ചോദിക്കുന്നതിന് തടയിടാൻ അദ്ധ്യാപകരുടെ സ്ഥിരം തസ്തികകൾ വെട്ടിമാറ്റിയ വിദ്യാലയങ്ങളുണ്ട്. ബോണ്ട് പുതുക്കിയാണ് പലരും ജോലി തുടരുന്നത്. അഞ്ച് വർഷം വരെ വെക്കേഷൻ സാലറി പോലും പലർക്കും ലഭിക്കാറില്ല. ബോണ്ട് നിലനിൽക്കുന്നതിനാൽ മറ്റ് അവസരങ്ങൾ ലഭിച്ചാലും തലയൂരാൻ സാധിക്കില്ല.
...................................
മൂന്നാം ക്ലാസുകാരിക്ക് ഫീസിനത്തിൽ പത്ത് മാസം കൊണ്ട് അടയ്ക്കേണ്ടത് 93,500 രൂപയാണ്. ഇതിന് പുറമേ പുസ്തകങ്ങളുടെ അടക്കം ചെലവുകൾ വേറെ. ഒന്നിലധികം കുട്ടികളെ ഇതേ സ്കൂളിൽ പഠിപ്പിക്കുന്നതിന് വായ്പ എടുക്കേണ്ട സ്ഥിതിയാണ്
മായ, രക്ഷിതാവ്
...............................
കുട്ടികളിൽ നിന്ന് ഫീസ് ഊറ്റിയെടുക്കുമ്പോഴും അദ്ധ്യാപകർക്ക് ശമ്പള വർദ്ധന നൽകാറില്ല. സ്ഥിരം അദ്ധ്യാപകരെക്കാൾ ജോലിഭാരവും കൂടുതലാണ്
കരാർ അദ്ധ്യാപകർ