kalunku
നൂറനാട് ആശാൻകലുങ്ക് വളവിലെ അപകടമേഖല മന്ത്രി പി.പ്രസാദ്, എം.എസ്.അരുൺകുമാർ എം.എൽ.എ , പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിക്കുന്നു.

മന്ത്രി പി.പ്രസാദിന്റെയും എം എൽ എയുടെയും അടിയന്തിര ഇടപെടൽ

ചാരുംമൂട് : സ്ഥി​രം അപകട മേഖലയായ കെ.പി.റോഡിലെ നൂറനാട് ആശാൻകലുങ്ക് വളവിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾക്ക് മന്ത്രി പി.പ്രസാദിന്റെയും എം.എസ്.അരുൺകുമാർ എം.എൽ.എയുടെയും അടിയന്തിര ഇടപെടൽ.

പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥ സംഘം ഇന്നലെ അപകടമേഖല സന്ദർശിച്ച് പരിശോധന നടത്തി.

മന്ത്രിയുടെയും എം.എൽ.എയുടെയും സാന്നിദ്ധ്യത്തിൽ ആലപ്പുഴ പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ ആർ.അനിൽകുമാർ, കറ്റാനം സെക്ഷൻ അസി.എൻജിനീയർ കെ.യു.അഞ്ജന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ 8ന് എത്തി പരിശോധന നടത്തിയത്.

നൂറനാട് സി.ബി.എം സ്കൂൾ ജംഗ്ഷനും ആശാൻ കലുങ്കിനും മദ്ധ്യേയുള്ള ഒരു കിലോമീറ്ററോളം സ്ഥലമാണ് സ്ഥിരം അപകട മേഖല. വിവിധ അപകടങ്ങളിലായി നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ ഷീജാകുമാരി (38) മരിച്ചതായിരുന്നു ഒടുവിൽ നടന്ന അപകടം. ഇതേ തുടർന്നായിരുന്നു മന്ത്രിയുടെയും എം.എൽ.എയുടെയും അടിയന്തിര ഇടപെടൽ ഉണ്ടായത്.

അപകട സ്ഥലത്ത് പരിശോധന നടത്തിയ സംഘം അപകടങ്ങളുടെ പൊതു രീതിയും വിലയിരുത്തി. സ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, നാട്ടുകാർ എന്നിവരിൽ നിന്നും സംഘം അപകട വിവരങ്ങൾ ചോദിച്ചറിഞ്ഞു.

വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനുൾപ്പെടെ അപകടങ്ങൾ ഒഴിവാക്കാൻ വളരെ വേഗം ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ആദ്യം ഉണ്ടാവുകയെന്നും ദീർഘകാലാടിസ്ഥാനത്തിൽ വേണ്ടി വരുന്നവ സർക്കാരിന്റെ അംഗീകാരം വാങ്ങിയും നടത്തുമെന്ന് മന്ത്രിയും എം.എൽ.എയും പറഞ്ഞു.

പ്രാഥമിക പരിശോധനയാണ്നടന്നതെന്നും റോഡിന് പ്രശ്നങ്ങളുണ്ടോയെന്നതിനുൾപ്പെടെ കൂടുതൽ പരിശോധന നടത്തുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. മന്ത്രിക്കൊപ്പം സ്ഥലത്തെത്തിയിരുന്ന പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് ,പഞ്ചായത്തംഗം അജയഘോഷ് എന്നിവരും അപകടങ്ങളൊഴിവാക്കാൻ വേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.