ആലപ്പുഴ: തീറ്റവി​ലയി​ൽ അടി​ക്കടി​ വർദ്ധന, കോഴി​ക്കുഞ്ഞുങ്ങളുടെ വി​ലയി​ലും വർദ്ധന. കൊവി​ഡ് സാഹചര്യത്തി​ന്റെ പൊതുവായ മാന്ദ്യം ഇങ്ങനെ ഒന്നി​ന് പി​ന്നാലെ മറ്റൊന്നായി​ പ്രശ്നങ്ങളുടെ വേലി​യേറ്റത്തി​ൽപ്പെട്ടുഴലുകയാണ് കോഴി​ വളർത്തൽ ഫാമുകാർ.

സംസ്ഥാനത്ത് ചെറുതും വലുതുമായ ആയിരത്തിലധികം ഫാമുകളാണ് പ്രവർത്തിക്കുന്നത്. സ്വയം തൊഴിൽ പദ്ധതി​ പ്രകാരം തുടങ്ങി​യ ഇറച്ചി​ക്കോഴി​ വളർത്തൽ ഫാമുകൾ പലതും വലി​യ പ്രതി​സന്ധി​യി​ലാണ്. കൊവിഡിനെ തുടർന്ന് വിദേശത്ത് ജോലി നഷ്ടപെട്ടവർ പലരും ഈ രംഗത്തേക്കാണ് എത്തിയത്.

ഉത്പാദന ചെലവിന് അനുസരിച്ചുള്ള വില കിട്ടാത്തത് ഇവരെ കടുത്ത സാമ്പത്തിക നഷ്ടത്തിലേക്കാണ് എത്തിക്കുന്നത്.

ഇപ്പോൾ സംസ്ഥാനത്തിന് ആവശ്യമായ ഇറച്ചി കോഴി​യുടെ 80ശതമാനവും ഇവി​ടെയാണ് നടക്കുന്നത്. അതി​നാൽ തമിഴ്നാടി​ന്റെ ഇറച്ചിക്കോഴി​ക്ക് ഇവി​ടെ പഴയ ഡി​മാൻഡി​ല്ല. എന്നാൽ കുഞ്ഞുങ്ങളുടെ ഉത്പാദനം ഏറി​യപങ്കും അവി​ടെയാണ്. ഈ അവസ്ഥ കുഞ്ഞിന്റെയും തീറ്റയുടെയും വില തമിഴ്നാട് ലോബികൾ നി​യന്ത്രി​ക്കുന്ന സാഹചര്യം ഉണ്ടാക്കുന്നു.

കഴിഞ്ഞ ആഴ്ച ഒരു ദിവസം പ്രായമായ കുഞ്ഞി​ന് 20രൂപ നിരക്കിൽ ലഭിച്ചപ്പോൾ ഇന്നലെ അതി​ന്റെ വി​ല 23രൂപയാണ്. ലോക്ക് ഡൗണിന് മുമ്പ് 50കിലോ ചാക്കിന് 1500ൽ താഴെ നി​ന്ന തീറ്റവില ഇപ്പോൾ 2100ൽ എത്തി. 20രൂപക്ക് വാങ്ങുന്ന കോഴിയെ പരിപാലിച്ച് 40ദിവസം പ്രായമാകുമ്പോൾ നല്ലൊരു തുക ചെലവഴിക്കേണ്ടതായി വരും. ഫാമിൽ നിന്ന് 90രൂപക്ക് താഴെ നൽകി ഏജൻസികൾ മാർക്കറ്റിൽ എത്തിക്കുന്ന കോഴിക്ക് 130രൂപക്ക് മുകളിലാണ് വില്പന.

ഉത്പാദകർക്ക് കൈനഷ്ടം

ഉത്പാദകർ നഷ്ടത്തിലാകുമ്പോൾ വില്പനക്കാർക്ക് കൊള്ള ലാഭമാണെന്നാണ് ഫാമുടമകളുടെ ആരോപണം. സംസ്ഥാനത്തെ ഫാം ഉടമകളുടെ കോഴിയുടെ വില്പന സീസൺ ആരംഭിക്കുമ്പോൾ തമിഴ്നാട് ലോബികൾ തറവിലയ്ക്ക് കേരളത്തിൽ ഏജന്റുമാർ വഴി ഇറച്ചിക്കോഴി എത്തിക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. നേരത്തെ 14.5ശതമാനം ടാക്സ് കൊടുക്കണമായിരുന്നു. ഇപ്പോൾ ജി.എസ്.ടി വന്നതോടെ അത് നൽകേണ്ട. എവിടെയും കോഴി വില്പന നടത്താനാകും. തമിഴ്‌നാട്ടിലെ ഉദുമൽപേട്ട, പല്ലടം, സുൽത്താൻപേട്ട, സേലം, ഈറോഡ്, നാമക്കൽ എന്നിവിടങ്ങളിലായി ഇരുപത്തയ്യായിരം വൻകിട കോഴിഫാമുകളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ നിന്നും സമീപ ചെറുകിട ഫാമുകളിൽ നിന്നും പ്രതിദിനം എട്ടുലക്ഷംമുതൽ പത്തുലക്ഷംവരെ ഇറച്ചികോഴികളാണ് ഉത്പാദിപ്പിക്കുന്നത്. കേരളം, കർണാടകം, പുതുച്ചേരി എന്നിവിടങ്ങളിലെ പ്രധാന മാർക്കറ്റുകളിലേക്കാണ് ഇവ എത്തുന്നത്. കൊവിഡിനെ തുടർന്ന് ഹോട്ടലുകൾക്കും വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകൾക്കും നിയന്ത്രണം വന്നതോടെ ഫാമുകളിൽ വളർത്തിയ കോഴികളെ വലിയ നഷ്ടത്തിലാണ് വിറ്റഴിച്ചത്.

.......................................

തീറ്റ വില

രൂപയിൽ

ലോക്ക്ഡൗണിന് മുമ്പ്.........................1500

ഇപ്പോഴത്തെ വില...............................2100

ഇറച്ചികോഴി കുഞ്ഞിന്റെ വില

കഴിഞ്ഞ ആഴ്ച.....20

ഇന്നലെ ....................23

.......................................

" അടിക്കടിയുള്ള തീറ്റ വില വർദ്ധനവും കോഴികുഞ്ഞുങ്ങളുടെ വിലവർദ്ധനവും ഫാം ഉടമകളെ നഷ്ടത്തിലാക്കും. തമിഴ്നാട് ലോബിയാണ് വില നിയന്ത്രിക്കുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ടാലേ എന്തെങ്കി​ലും ഫലമുണ്ടാകൂ.

സുരേഷ് ബാബു, ഫാം ഉടമ.