ആലപ്പുഴ: മത്സ്യക്ഷാമം രൂക്ഷമായിരുന്ന കൊവിഡ് കാലത്ത് മീൻകറി പ്രേമികളെ അല്പമെങ്കിലും ആശ്വസിപ്പിച്ചിരുന്ന ഉണക്കമീൻ വിപണി പ്രതിസന്ധിയിൽ. നിയന്ത്രണങ്ങളിൽ ഇളവു വന്ന് വീണ്ടും മത്സ്യം ലഭിച്ചുതുടങ്ങിയതോടെയാണ് മേഖലയിൽ വരൾച്ച ആരംഭിച്ചത്.
ചൂട, അയല, മത്തി, ആവോലി, സ്രാവ്, കണ്ണി അയല, പല്ലിക്കോര, കുറിച്ചി തുടങ്ങിയവയാണ് പ്രധാനമായും ഉപ്പ് കൂട്ടി ഉണക്കി വിൽക്കുന്നത്. ജില്ലയുടെ തീരപ്രദേശങ്ങളിൽ മത്സ്യം ഉണക്കാറുണ്ടെങ്കിലും ഗുജറാത്ത്, മംഗലാപുരം, ഒഡീഷ, ലക്ഷദ്വീപ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് ഇവിടെ ഉണക്കമീൻ എത്തുന്നത്. ട്രോളിംഗ് നിരോധനവും മഴയുമെല്ലാം വരുന്നതോടെ ജൂൺ, ജൂലായ് മാസങ്ങളിലാണ് ഉണക്കമീൻ വിപണി സജീവമാകുന്നത്. ലോക്ക്ഡൗൺ കാലത്ത് നേരത്തെ സ്റ്റോക്ക് ചെയ്ത ഉണക്കമീനിന് വ്യാപാരികൾ വില കുത്തനെ ഉയർത്തിയിരുന്നു. ഉണക്കച്ചെമ്മീൻ, നങ്ക്, മാന്തൽ, വാള, കുറിച്ചി ഇനങ്ങളിൽപ്പെട്ട ഉണക്കമീനുകൾക്ക് ലോക്ക്ഡൗൺ കാലത്ത് തീവിലയായി. പലതിനും പകുതി വിലയായി. ജില്ലയിൽ ഉണക്കച്ചെമ്മീൻ കൂടുതൽ ഉത്പാദിപ്പിക്കുന്നത് മുഹമ്മ, മണ്ണഞ്ചേരി പ്രദേശങ്ങളിലാണ്.
....................
# ഇടിയുകയാണ്
നീണ്ടകരയിൽ നിന്നാണ് ഉണക്കമീൻ മിക്ക ജില്ലകളിലും എത്തിച്ചിരുന്നത്. ബോട്ടുകളിൽ നിന്ന് കുറഞ്ഞവിലയ്ക്ക് മത്സ്യം ശേഖരിച്ച് ഉണക്കി സൂക്ഷിക്കുകയാണ് പതിവ്. ജില്ലയിലെ എല്ലാ മാർക്കറ്റിലും ഉണക്കമീൻ വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
# നിലവിലെ വില, പഴയ വില (കിലോ)
കുറിച്ചി: 150, 300
ചെമ്മീൻ: 600,1000
കടവരാൽ: 100, 250
ചൂട: 300, 500
അയല: 350, 600
വാള: 180, 300
.......................................
പച്ചമീൻ ലഭ്യമായതോടെ ലോക്ക്ഡൗണിലെ കച്ചവടം നിലച്ചു തുടങ്ങി. കച്ചവടം കുറഞ്ഞത് സീസൺ പ്രതീക്ഷിച്ച വ്യാപാരികൾക്ക് തിരിച്ചടിയാണ്
(രാജു, വ്യാപാരി)