കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ നാൽപതോളം ശാഖകളിലെ ഭാരവാഹികളുടെ ഓൺലൈൻ യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ പങ്കെടുത്ത യോഗം യൂണിയൻ ചെയർമാൻ ജെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അഡ്വ. പി. സുപ്രമോദം അദ്ധ്യക്ഷത വഹിച്ചു.

യൂണിയന് കീഴിലുള്ള മുഴുവൻ അംഗ വീടുകളുടെയും സ്ഥിതിവിവരക്കണക്ക് തയ്യാറാക്കാനും വെള്ളപ്പൊക്ക കെടുതിയിലുള്ളവരെ തുണയ്ക്കാനും ഗുരുതര രോഗങ്ങളുള്ളവരെ കണ്ടെത്തി ഗുരുകാരുണ്യം പദ്ധതിയിലുൾപ്പെടുത്തി സഹായിക്കാനും യോഗം തീരുമാനിച്ചു. ശാഖായോഗം വക ശ്മശാനങ്ങൾ അടിയന്തരഘട്ടങ്ങളിൽ ജാതി മത ഭേദമന്യേ തുറന്നു കൊടുക്കാൻ ശാഖകൾക്ക് നിർദ്ദേശം നൽകി. കർഷകരുടെ ഉത്പന്നങ്ങൾ ശാഖ അടിസ്ഥാനത്തിൽ സംഭരിക്കാനും വിപണനം ചെയ്യാനും വിപുലമായ വിപണി സൗകര്യം ഒരുക്കാൻ യോഗത്തിന്റെ സഹായത്തോടെ പദ്ധതികൾ തയ്യാറാക്കുന്നതിനും തീരുമാനമായി. ജോയിന്റ് കൺവീനർ എ.ജി. സുഭാഷ് സ്വാഗതം പറഞ്ഞു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വി.പി. സുജീന്ദ്ര ബാബു സംസാരിച്ചു.