ചേർത്തല: മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണെന്ന് എല്ലാവരെയും ബോദ്ധ്യപ്പെടുത്തിയത് കൊവിഡ് കാലഘട്ടമാണെന്ന് കൃഷി മന്ത്റി പി. പ്രസാദ് പറഞ്ഞു. ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി ചേർത്തല താലൂക്ക് കമ്മിറ്റി കടക്കരപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദവിയും പണവും വസ്തുക്കളും സ്വർണ്ണവും ഒന്നുമല്ല മനുഷ്യന്റെ സമ്പത്ത്. ഇതിനൊന്നിനും കൊവിഡിനെ തടയാനാവില്ലെന്ന് നമുക്ക് ബോദ്ധ്യമായി. ആരോഗ്യം സമ്പത്താക്കി കാത്തുസൂക്ഷിക്കുകയാണ് ഈ കൊവിഡ് കാലഘട്ടത്തിൽ ആവശ്യമെന്നും മന്ത്റി പറഞ്ഞു. കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് മുഴുവൻ വീടുകളിലും നൽകുന്ന മാസ്കുകളുടെയും സാനിട്ടൈസറിന്റെയും വിതരണ ഉദ്ഘാടനവും മന്ത്റി നിർവഹിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ
റെഡ്‌ക്രോസ് താലൂക്ക് ചെയർമാൻ അഡ്വ.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ ഓക്‌സിജൻ കോൺസെൻട്രേറ്റർ മന്ത്റിയിൽ നിന്നു ഏറ്റുവാങ്ങി. റെഡ്‌ക്രോസ് ജില്ലാ വൈസ് ചെയർമാൻ ഐസക് മാടവന മുഖ്യപ്രഭാഷണം നടത്തി. റെഡ്‌ക്രോസ് താലൂക്ക് സെക്രട്ടറി വിനോദ് കുമാർ, തൈക്കൽ സത്താർ, സെറിൻ ഐസക്, അഡ്വ. രാജഗോപാൽ, സുരേഷ് മാമ്പറമ്പിൽ,സതി അനിൽ കുമാർ, എൽ.മിനി, ടി.കെ. സത്യാനന്ദൻ,എസ്. ഷിജി,പി.ഡി.ഗഗാറിൻ,സതിദേവി, ബീന എന്നിവർ സംസാരിച്ചു.