t

ആലപ്പുഴ: കാർഷിക മേഖലയിലെ തൊഴിലാളികളുടെ കൂലി ഏകീകരണം രണ്ട് വർഷമായി നടക്കാത്തത് പാടത്തും വരമ്പത്തും തർക്കങ്ങൾ പതിവാക്കുന്നു. 2019 ജനുവരി 5ന് നടന്ന കുട്ടനാട് വ്യവസായ സമിതി യോഗത്തിലുണ്ടായ ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരമാണ് അവസാനമായി കൂലി നിശ്ചയിച്ചത്.

കുട്ടനാട് ഇൻഡസ്ട്രിയൽ റിലേഷൻ കമ്മിറ്റി ചേർന്ന് വർഷാവർഷം പുതുക്കിയിരുന്ന വേതന നിരക്ക് ക്രമീകരണം സ്തംഭിച്ചു നിൽക്കുന്നതിനാൽ തോന്നുന്ന പോലെയാണ് പലരും കൂലി വാങ്ങുന്നത്. കളപറിക്കൽ, മരുന്നടി, വരമ്പ് കുത്തൽ, നെല്ല് നിറയ്ക്കൽ, ചുമടെടുക്കൽ, ചാല് കെട്ടൽ, പറിച്ച് നടീൽ തുടങ്ങിയ ജോലികളാണ് ജില്ലയിലെ പാടശേഖരങ്ങളിൽ നടക്കുന്നത്. കൊയ്ത്ത് പൂർണമായി മെഷീനുകളെ ആശ്രയിച്ചതോടെ തൊഴിലാളികളുടെ എണ്ണം ചുരുങ്ങി. 20 എച്ച്.പി വരെ ശേഷിയുള്ള മോട്ടോർ തറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ദിവസക്കൂലി 625 രൂപയും 21 മുതൽ 30 എച്ച്.പി വരെയുള്ള പാടങ്ങളിൽ 655 രൂപയും 30 എച്ച്.പിക്ക് മുകളിൽ ശേഷിയുള്ള തറകളിൽ 675 രൂപയുമാണ് നിശ്ചയിച്ചിരുന്നത്.

50 മീറ്റർ ദൂരപരിധിക്കുള്ളിൽ നെല്ല് ചാക്കിൽ നിറച്ച് തൂക്കി വള്ളത്തിൽ കയറ്റാനുള്ള കൂലി ക്വിന്റലിന് 85 രൂപയായി നിശ്ചയിച്ചിരുന്നു.ഇതിനു മുകളിൽ അധികമായി വരുന്ന ഓരോ 25 മീറ്ററിനും അഞ്ച് രൂപയായി നിലനിറുത്തി.

# ആവിയാവുന്നു കണക്കുകൾ

കളങ്ങളിൽ നിന്ന് നെല്ല് ചാക്കിൽ നിറച്ച് ചാക്ക് തുന്നി, തൂക്കി നേരിട്ട് ലോറിയിൽ കയറ്റാൻ ക്വിന്റലിന് 110 രൂപയാണ്. കടവുകളിൽ നിന്നും റോഡിൽ നിന്നും നെല്ല് നേരിട്ട് ലോറിയിൽ കയറ്റാൻ ക്വിന്റലിന് 35 രൂപ. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് കൃത്യമായ കൂലി ഏകീകരണം നടക്കാതായതോടെ മുൻകാല നിരക്കുകൾ കാറ്റിൽപറക്കുകയാണ്. ഇതോടെ തർക്കണ്ണങ്ങളും പതിവായി.

# നിലവിലെ കൂലി

 ₹ 700:പുരുഷ തൊഴിലാളികളുടെ പ്രതിദിന വേതനം

 ₹ 400: സ്ത്രീ തൊഴിലാളികളുടെ വേതനം

 ₹ 450: വിത, വളമിടീൽ (ഏക്കറിന്)

 ₹ 375: നടീലിന് മുമ്പ് മരുന്നടി (ഏക്കറിന്)

 ₹ 450: നടീലിന് ശേഷം മരുന്നടി

 ₹ 55: മരുന്ന് തളിക്കാൻ ഒരു കുറ്റിക്ക് (നടീലിന് മുമ്പ്)

 ₹ 60: നടീലിന് ശേഷം ഒരു കുറ്റിക്ക്

...........................

കുട്ടനാട് ഐ.ആർ.സി യോഗം ചേർന്നിട്ട് രണ്ട് വർഷം പിന്നിട്ടു. യോഗം ചേർന്ന് കൂലി ഏകീകരണം നടപ്പിലാക്കിയാലേ, നിലവിൽ ഉടലെടുക്കുന്ന തർക്കങ്ങൾക്ക് പരിഹാരമാകൂ

ആർ.അനിൽകുമാർ, ജില്ലാ സെക്രട്ടറി, കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു)