ഹരിപ്പാട്: ചിങ്ങോലി ശ്രീ കാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിലെ രാമായണ മഹോത്സവം 17ന് ആരംഭിച്ച് ആഗസ്റ്റ് 16ന് സമാപിക്കും. വരുന്ന 30ന് രാമായണത്തിലെ കഥാപാത്രങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ സ്വാമി ഗരുഢ ധ്വജാനന്ദ നയിക്കുന്ന വെബ്ബിനാർ നടക്കും. ആഗസ്റ്റ് 8ന് കർക്കിടക വാവുബലി ആചാരപരമായി പിതൃപൂജ, മഹാമൃത്യുഞ്ജയഹോമം എന്നിവയുണ്ടാവും. 14 ന് രാമായണത്തെ ആസ്പദമാക്കി സ്കൂൾ, കോളേജ് വിദ്യാത്ഥികൾക്കും മുതിർന്നവർക്കമായി രാമായണ പ്രശ്നോത്തരി നടത്തും. എൽ.പി കുട്ടികൾക്ക് ബാലകാണ്ഡത്തിൽ നിന്നും യു.പി കുട്ടികൾക്ക് അയോദ്ധ്യകാണ്ഡം, ആരണ്യകാണ്ഡം എന്നീ ഭാഗങ്ങളിൽ നിന്നും ഹൈസ്കൂൾ വിഭാഗക്കാർക്ക് കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം എന്നീ ഭാഗങ്ങിൽ നിന്നും ഹയർ സെക്കൻഡറിക്കാർക്കും മുതിർന്നവർക്കും സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നീ ഭാഗങ്ങളിൽ നിന്നുമാണ് ചോദ്യങ്ങൾ. മത്സരം ഓൺലൈനിലാവും.