വാർഷിക അറ്റകുറ്റപ്പണിക്ക് ഒരു രൂപ പോലുമില്ല

ആലപ്പുഴ: കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളുടെ വാർഷിക അറ്റകുറ്റപ്പണികൾക്ക് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം 25 ലക്ഷത്തിന്റെ പദ്ധതി സർക്കാരിൽ സമർപ്പിച്ചെങ്കിലും ഒരു രൂപ പോലും അനുവദിച്ചില്ല. കുട്ടനാട്, അപ്പർ കുട്ടനാട് കാർഷിക മേഖലയെ ആണ് ഈ അവഗണന ദോഷകരമായി ബാധിക്കുന്നത്.

പാലത്തിലെ 40 ഷട്ടറുകളിൽ 22 എണ്ണം ഒരുവിധം ഉയർത്താൻ സാധിക്കും. ശേഷിച്ച 18 എണ്ണത്തിൽ ഒന്ന് കഴിഞ്ഞ മാസം ഉണ്ടായ വേലിയേറ്റത്തിൽ പൂർണ്ണമായും ഒലിച്ചുപോയി. 17 എണ്ണം ഉയർത്തണമെങ്കിൽ ജെ.സി.ബിയുടെ സഹായം വേണം. കാലവർഷം കനത്തുതുടങ്ങിയതോടെ ജലനിരപ്പ് ഉയരാൻ തുടങ്ങിയത് കൃഷിയിറക്കിയ പാടങ്ങളിലെ കർഷകരെ ആശങ്കപ്പെടുത്തുന്നു. ഒലിച്ചുപോയ ഷട്ടറിന്റെ ഭാഗത്ത് മണൽചാക്ക് നിരത്തി താത്കാലിക ബണ്ട് നിർമ്മിച്ചെങ്കിലും ശക്തമായ വേലിയേറ്റം ഉണ്ടായാൽ അതും തകരാനാണ് സാദ്ധ്യത. കഴിഞ്ഞ മേയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പൊഴിമുറിച്ച് അഞ്ചു ദിവസം കഴിഞ്ഞ് ജെ.സി.ബി ഉപയോഗിച്ചാണ് ഷട്ടറുകൾ ഉയർത്തിയത്.

..............................................

# രണ്ടുതരം വിളമ്പ്

 പണം ലഭിക്കുന്നത് ഡാം മെയിന്റനൻസ് പദ്ധതി പ്രകാരം

 മെക്കാനിക്കൽ വിഭാഗത്തിന് ഫണ്ടില്ല

 സിവിൽ വിഭാഗത്തിന് ലഭിക്കുന്നത് ലക്ഷങ്ങൾ

.....................................

# നവീകരണ ടെൻഡർ

ആകെയുള്ള 40 ഷട്ടറുകൾ നിഷ്പ്രയാസം ഉയർത്താനും താഴ്ത്താനും കഴിയും വിധമുള്ള അറ്റകുറ്റപ്പണികൾക്കായി 3.20 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ടെൻഡർ ഉറപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആദ്യം കരാറെടുത്ത സ്വകാര്യ ഏജൻസി പ്രവർത്തനങ്ങൾ വൈകിപ്പിച്ചതിനാൽ ഇവരെ ഒഴിവാക്കിയാണ് റീ ടെൻഡർ നടത്തിയത്. പുതിയ കരാർ പ്രകാരം പ്രവർത്തനങ്ങൾ പൂർത്തിയാവുന്നതോടെ സ്പിൽവേയുടെ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരമുണ്ടാവും.

.................................

 ₹ 3.20 കോടി: ഷട്ടർ അറ്റകുറ്റപ്പണിക്ക് പ്രതീക്ഷിക്കുന്ന ചെലവ്

 600 ദിവസം: സ്പിൽവേ നവീകരണത്തിന് ലക്ഷ്യമിടുന്ന കാലാവധി

......................................

# ഗതികെട്ട ഷട്ടറുകൾ

പാലത്തിലെ 40 ഷട്ടറുകളിൽ ഒന്നുപോലും വൈദ്യുതീകരിച്ചിട്ടില്ല. 28 ഷട്ടറുകളുടെ കേബിൾ കഴിഞ്ഞ സെപ്തംബറിൽ മോഷ്ടിക്കപ്പെട്ടു. ഷട്ടറുകളുടെ മോട്ടോറും കൺട്രോൾ പാനലുമായി ബന്ധിപ്പിക്കുന്ന മൂന്ന് മീറ്റർ നീളമുള്ള കേബിളുകളാണ് മോഷ്ടിച്ചത്. വാഹനങ്ങൾ ഇടിച്ച് 12 ഷട്ടറുകളുടെ കേബിളുകൾ പൊട്ടിയിരുന്നു. കേബിൾ പുന:സ്ഥാപിക്കാൻ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം എസ്റ്റിമേറ്റ് പോലും തയ്യാറാക്കിയില്ല.

............................................

ഷട്ടറുകളുടെ നവീകരണ കരാർ അവസാനഘട്ടത്തിലാണ്. റീ ടെൻഡറിൽ ഒരാളാണ് പങ്കെടുത്തത്. പുതിയ കരാർ ഉറപ്പിച്ചാൽ 600 ദിവസം കൊണ്ട് നവീകരണം പൂർത്തിയാക്കും

സതീശൻ, എക്‌സിക്യുട്ടീവ് എൻജിനീയർ, മെക്കാനിക്കൽ വിഭാഗം, ഇറിഗേഷൻ