 സർക്കാർ ഇടപെടണമെന്ന് കർഷകർ

കുട്ടനാട്: വെളിയനാട് കൃഷിഭവൻ പരിധിയിലെ കേളൻമൂല പാടശേഖരത്ത് കുട്ടനാട് പാക്കേജിൽപ്പെടുത്തി പുറബണ്ട് നിർമ്മാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി പ്രഖ്യാപിച്ച 1.40 കോടിയുടെ പദ്ധതി പാഴായി. ഇതോടെ രണ്ടാംകൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് കർഷകർ.

34 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിന് ചുറ്റും ഒന്നര മീറ്ററോളം ഉയരത്തിൽ കല്ലുകെട്ടി പുറം ബണ്ട് തീർക്കുന്നതിനൊപ്പം ഷട്ടർമട, മോട്ടർതറ, വാച്ചാൽ എന്നിവയുടെ നിർമ്മാണം കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി. പുറംബണ്ടിന് ചുറ്റും കല്ലുകെട്ടുന്ന പണി ആരംഭിച്ചെങ്കിലും പൂർത്തിയാക്കാതെ കരാറുകാരൻ സ്ഥലംവിട്ടു. വലിയ നഷ്ടം സംഭവിക്കുമെന്ന് ഭയന്നാണ് ഇയാൾ പദ്ധതി ഉപേക്ഷിച്ചതെന്ന് കർഷകർ പറയുന്നു. ഇതോടെ ഈ പാടത്തെ 13 ചെറുകിട കർഷകരുടെ മനസിലുണ്ടായിരുന്ന രണ്ടാം കൃഷി സ്വപ്നമാണ് തകർന്നത്.

പുറംബണ്ടിന്റെ നിർമ്മാണമെങ്കിലും പൂർത്തിയാക്കാൻ കഴിയുമോ എന്നറിയാനായി പാടശേഖരസമിതി സെക്രട്ടറി കുഞ്ഞുമോനുമായി കർഷകർ മിക്ക ഓഫീസുകളും കയറിയിറങ്ങിയെങ്കിലും വിജയിച്ചില്ല. ഉടനെങ്ങും നടക്കില്ലെന്നായിരുന്നു മറുപടി. പുഞ്ചകൃഷിക്ക് മികച്ച വിളവ് ലഭിക്കുന്ന ചുരുക്കം പാടശേഖരങ്ങളിലൊന്നാണിത്. പദ്ധതി മൊത്തത്തിൽ അവതാളത്തിലായതിനാൽ നല്ലൊരു നടവഴി സ്വപ്നം കൂടിയാണ് പാടശേഖരത്തിന് ചുറ്റും കഴിയുന്നവർക്ക് നഷ്ടമായത്. പുഞ്ചക്കൊയ്ത്ത് കഴിയുന്നതോടെ പാടത്ത് വെള്ളം കയറ്റിയാൽ പിന്നെ ഇവർ നീന്തി നടക്കേണ്ടി വരും. തകർന്നു കിടക്കുന്ന പുറംബണ്ടാണ് നിലവിലെ യാത്രാമാർഗ്ഗം.

....................................

 1.40 കോടി: പാടശേഖര സംരക്ഷണത്തിന് പ്രഖ്യാപിച്ച പദ്ധതിത്തുക

 34 ഏക്കൽ: പാടശേഖരത്തിന്റെ വിസ്തൃതി

........................

സാധാരണക്കാരായ വളരെ കുറച്ചു കർഷകർ മാത്രമാണ് ഇവിടെയുള്ളത്. രണ്ടാം കൃഷിചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. മൂന്ന് വശത്ത് മാത്രമാണ് കല്ലുകെട്ടിയത്. ഇവിടെ മണ്ണിട്ടു നിറയ്ക്കാനും സാധിച്ചിട്ടില്ല. കെട്ടിയ ഭാഗം ഇടിഞ്ഞുപൊളിഞ്ഞു. ഇനി രണ്ടാം കൃഷി സാദ്ധ്യമല്ല

കുഞ്ഞുമോൻ, പാടശേഖരസമിതി സെക്രട്ടറി