g-sudhakaran

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സി.പി.എം സംസ്ഥാന സമിതി അംഗവും മുതിർന്ന നേതാവുമായ ജി. സുധാകരൻ സജീവമായില്ലെന്ന പരാതിയിൽ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചതോടെ അണികളിൽ പ്രതിഷേധം കനക്കുന്നു. ജില്ലാ സെക്രട്ടേറിയറ്റിൽ ചിലർ സംഘടിതമായി സുധാകരനെ കടന്നാക്രമിച്ചപ്പോൾ തന്നെ ജില്ലയിൽ പ്രതിഷേധമുയർന്നിരുന്നു.

ജില്ലാ കമ്മിറ്റിയിൽ പാർട്ടി സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിമർശനം. എന്നാൽ, രണ്ടു ദിവസം ജില്ലയിൽ ക്യാമ്പ് ചെയ്തിട്ടും ഈ വിഷയത്തിൽ സുധാകരനുമായി വിജയരാഘവൻ ആശയവിനിമയം നടത്തിയില്ല. അഴിമതി രഹിത മുഖച്ഛായയുള്ള സുധാകരനെതിരെ ചില നേതാക്കൾ നടത്തുന്ന പ്രചാരണങ്ങളിൽ ജില്ലയിലെ പ്രവർത്തകർ കടുത്ത നിരാശയിലാണ്.

ആലപ്പുഴയിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ തന്നെ വേട്ടയാടുന്നുവെന്ന തുറന്നുപറച്ചിലിനും നിയമസഭ തിരഞ്ഞെടുപ്പിനും ശേഷം സുധാകരനെതിരെയുള്ള നീക്കങ്ങൾ പാർട്ടിയിലെ എല്ലാം അതിരുകളും കടന്നുള്ളതാണെന്നാണ് പ്രവർത്തകരുടെ വാദം. അമ്പലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന ആലപ്പുഴ നഗരസഭയിലെ 27 വാർഡുകളിൽ 6200 വോട്ടിന്റെ ഭൂരിപക്ഷം ഇടതുമുന്നണിക്ക് ലഭിച്ചിരുന്നു. എന്നാൽ, ആലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന നഗരസഭയിലെ 25 വാർഡുകളിൽ 1400 വോട്ടുകൾക്ക് ഇടതുമുന്നണി പിന്നാക്കം പോയി. 2016 ൽ ആലപ്പുഴ മണ്ഡലത്തിൽ തോമസ് ഐസിക്കിന് ലഭിച്ചത് 83.211 വോട്ടുകളാണ്. എന്നാൽ, ഇത്തവണ ചിത്തരഞ്ജന് ലഭിച്ചത് 73,412 വോട്ടുകൾ മാത്രം. 9799 വോട്ടുകൾ ചോർന്നു. അതേസമയം അമ്പലപ്പുഴയിൽ ജി. സുധാകരൻ നേടിയ 63,069 വോട്ടുകളേക്കാൾ 1704 വോട്ടുകൾ മാത്രമേ എച്ച്. സലാമിന് കുറഞ്ഞിട്ടുള്ളൂ. അരൂർ, മാവേലിക്കര, കായംകുളം മണ്ഡലങ്ങളിലെ ഭൂരിപക്ഷവും ഗണ്യമായി ഇടിഞ്ഞെങ്കിലും ചർച്ചയ്‌ക്കെടുക്കാതെ അമ്പലപ്പുഴയിൽ ഭൂരിപക്ഷം കുറഞ്ഞത് മാത്രമാണ് ഉയർത്തിക്കാട്ടിയത്. കണക്കുകൾ കാര്യങ്ങൾ വ്യക്തമാക്കുമ്പോഴും സുധാകരനെ മാത്രം ലക്ഷ്യംവച്ചുള്ള കടന്നാക്രമണത്തിനാണ് ചില നേതാക്കൾ ശ്രമിച്ചതെന്നാണ് പ്രവർത്തകരുടെ വികാരം.

 വേണ്ടത് പരിഗണിച്ചില്ല!

തിരഞ്ഞെടുപ്പിൽ സുധാകരൻ സജീവമായിരുന്നെന്ന റിപ്പോർട്ടാണ് അമ്പലപ്പുഴ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പാർട്ടിക്ക് നൽകിയത്. സുധാകരനെതിരെ ചില നേതാക്കൾ കമ്മിറ്റിയിൽ ഉയർത്തിയ വിമർശനങ്ങളിൽ ദേഭഗതി വരുത്തിയാണ് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയത്. ഇതൊന്നും കാര്യമായി പരിഗണിക്കാതെയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്ന് പറയപ്പെടുന്നു.