കനാൽക്കരയിലെ ശില്പങ്ങളുടെ സംരക്ഷണച്ചുമതല മുസിരിസിന്

ആലപ്പുഴ: കനാൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ആലപ്പുഴ മെഗാ ടൂറിസം പദ്ധയിൽ ഉൾപ്പെടുത്തി വാടക്കനാൽ, കൊമേഴ്സ്യൽ കനാൽ എന്നിവയുടെ കരകളിൽ നിർമ്മിച്ച ശില്പങ്ങളുടെ പരിപാലനം പൈതൃക ടൂറിസം പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള മുസിരിസ് പ്രൊജക്ടിന് കൈമാറി. കനാലുകളുടെ സംരക്ഷണവും മുസരീസിന് കൈമാറിയിട്ടുണ്ട്. ഡി.ടി.പി.സിയുടെ കീഴിലുള്ള കനാൽ മാനേജ്മെന്റ് കമ്മിറ്റിയ്ക്കായിരുന്നു നേരത്തേ പരിപാലനച്ചുമതല .മുസിരിസിന്റെ നേതൃത്വത്തിൽ നഗരസഭ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ 31ന് ശില്പങ്ങളും കനാൽക്കരകളും ശുചീകരിക്കും.

ഏഴ്വർഷം മുമ്പാണ് മെഗാ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 3.75 കോടി ചിലവഴിച്ച് കിഡ്‌കോ മുഖേന ടൂറിസം വകുപ്പ് കനാൽ സന്ദര്യവത്കരണ പദ്ധതി നടപ്പാക്കിയത്. 67 ലക്ഷം രൂപയുടെ ശില്പങ്ങൾ സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ആലപ്പുഴയുടെ ചരിത്രം, സാംസ്‌കാരം, കലാ-സാഹിത്യ ചരിത്രങ്ങൾ ഉൾപ്പെടുത്തിയ ശില്പങ്ങളുടെ നിർമ്മാണ ചുമതല ആലപ്പുഴ സ്വദേശി അജയൻ വി.കാട്ടുങ്കലിന് നൽകി. രണ്ട് വർഷം കൊണ്ട് സിമന്റിൽ 11ശില്പങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചു. ഒപ്പന, വള്ളംകളി, ഓണക്കാലം, കഥകളി ഭാവങ്ങൾ, ഓട്ടൻ തുള്ളൽ, നൃത്തങ്ങൾ, കയറിന്റെയും നെല്ലറയുടെയും ചരിത്രങ്ങൾ എന്നിവ ശില്പരൂപത്തിൽ വിസ്മയ കാഴ്ചകളായി.കനാൽക്കരയിൽ 85 അടി നീളവും 12 അടി ഉയരവുമുള്ള ശില്പങ്ങളും നിർമ്മിച്ചിട്ടുണ്ട്.

₹3.75 കോടി ചെലവഴിച്ചാണ് കനാൽ സന്ദര്യവത്കരണ പദ്ധതി നടപ്പാക്കിയത്

തടസമായത് ചെളികോരൽ

ശില്പങ്ങൾക്ക് പുറമേ ലാൻഡ് സ്‌കേപ്പ്, വിശ്രമ കേന്ദ്രങ്ങൾ, കനാൽ നവീകരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇവയുടെ നിർമ്മാണം പൂർത്തിയാക്കി ടൂറിസം വകുപ്പിന് കൈമാറാൻ നടപടികൾ സ്വീകരിച്ചപ്പോൾ കനാലിലെ ചെളി നീക്കം ചെയ്യുന്ന പദ്ധതിയുമായി ജലസേചന വകുപ്പ് എത്തി. നവീകരിച്ച കരകളിൽ ചെളി കോരി വച്ചത് പദ്ധതി കൈമാറ്റത്തിന് തടസമായി. ശില്പങ്ങൾ മാത്രമായി ഏറ്റെടുക്കാൻ ടൂറിസം വകുപ്പിന് കഴിയാതെ വന്നു.

'പൈതൃക പദ്ധതിയിൽ കനാലുകളുടെ സൗന്ദര്യവത്കരണം പൂർത്തീകരിച്ചു. ആദ്യഘട്ടത്തിൽ ശുചീകരണ പ്രവർത്തനം 31ന് വിവിധ സംഘടനകളുടെയും നഗരസഭയുടെയും നേതൃത്വത്തിൽ നടക്കും'

പൈതൃക പദ്ധതി അധികൃതർ