ആലപ്പുഴ: സ്വകാര്യ കമ്പനികൾക്ക് പിന്നാലെ മിൽമയും കേരള ഫീഡ്‌സും കാലിത്തീറ്റ വില വർദ്ധിപ്പിച്ചത് ക്ഷീരകർഷകർക്ക് വൻ തിരിച്ചടിയായി. വെറ്ററിനറി മരുന്നുകളുടെ വില വർദ്ധിച്ചതും ക്ഷീരമേഖലയെ ദോഷകരമായി ബാധിക്കും.
ആറുമാസത്തിനുള്ളിൽ സ്വകാര്യ കമ്പനികൾ മൂന്ന് തവണയാണ് കാലിത്തീറ്റ വില വർദ്ധിച്ചത്. 50 കിലോഗ്രാം തൂക്കമുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് സ്വകാര്യ കമ്പനികൾ 90 രൂപ വർദ്ധിപ്പിച്ചു. 1125 രൂപയിൽ നിന്ന് 1215 രൂപയായാണ് വില വർദ്ധിപ്പിച്ചത്. മിൽമയും കേരള ഫീഡ്‌സും ഇതേകാലയളവിൽ 70 രൂപയാണ് വർദ്ധിപ്പിച്ചത്. മിൽമ ഗോമതി റിച്ചിന് നിലവിലെ വില 1240രൂപയും ഗോഡിന് 1370രൂപയുമാണ്. കാലിത്തീറ്റയ്ക്ക് മിൽമ നൽകിയിരുന്ന 100 രൂപ സബ്‌സിഡി ലാഭക്കുറവിന്റെ പേരിൽ നിറുത്തലാക്കിയിരുന്നു. മിൽമയിൽ ഉദ്യോഗസ്ഥ ഭരണമായതിനാൽ മാർച്ച് കഴിഞ്ഞിട്ടും കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതം കർഷകർക്ക് നൽകാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരുവർഷത്തിനിടെ 35 ശതമാനം വർദ്ധനവാണ് കാലത്തീറ്റ വിലയിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം പാൽവില നാലു രൂപ വർദ്ധിപ്പിച്ചപ്പോൾ കർഷകർക്ക് 3.35 രൂപ നൽകിയ മിൽമ, അന്ന് കാലിത്തീറ്റ വില കിലോയ്ക്ക് 5.80 രൂപയാണ് കൂട്ടിയത്. പാൽവില കൂട്ടിയതിന്റെ ഗുണം കർഷകർക്ക് ലഭിച്ചതുമില്ല.
വെറ്ററിനറി മരുന്ന് വിലയും ഇക്കാലയളവിൽ വർദ്ധിച്ചു. അരലിറ്റർ കാത്സ്യം മരുന്നിന് രണ്ട് മാസത്തിനുള്ളിൽ 18രൂപയാണ് കൂടിയത്. ഫെബ്രുവരിയിൽ 180.40രൂപക്ക് ലഭിച്ച കാത്സ്യത്തിന് ഏപ്രിലിൽ 198.44രൂപയായി.
ലഭിക്കുന്നത് ചെറിയ വില
ഒരു ലിറ്റർ പാൽ 50 രൂപയ്ക്ക് ക്ഷീരസംഘങ്ങൾ വിൽക്കുമ്പോൾ കർഷകർക്കു ലഭിക്കുന്നത് ഇൻസെന്റീവ് ഉൾപ്പെടെ 33 മുതൽ 38 രൂപ വരെയാണ്. റീഡിംഗിന്റെയും ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് മിൽമ ചാർട്ട് പ്രകാരം കർഷകർക്കു വില ലഭിക്കുന്നത്.
കാലിത്തീറ്റവില (50കിലോഗ്രാം ചാക്കിന് )
നാല് മാസത്തിനിടെ മിൽമ കൂട്ടിയത്: ₹70
ആറ് മാസത്തിനിടെ സ്വകാര്യ കമ്പനികൾ കൂട്ടിയത്: ₹90
നിലവിലെ വില, ബ്രാക്കറ്റിൽ പഴയവില
മിൽമ ഗോമതി റിച്ച് - ₹1240(1170)
ഗോഡ് - ₹1370(1300)
സ്വകാര്യ കമ്പനിയുടെ വില
നിലവിൽ - ₹1240 (1170)