പ്രവർത്തനം നിലച്ച് സംസ്ഥാന വൈറോളജി ലാബ്
ആലപ്പുഴ: ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് 1999ൽ തുടങ്ങിയ, പകർച്ചവ്യാധി പഠന- പരിശോധന കേന്ദ്രമായ സംസ്ഥാന വൈറോളജി ലാബ് 'ഒറ്റത്തൂണി'ൽ ഒതുങ്ങി. കഴിഞ്ഞ വർഷം വരെ മൂന്ന് ജീവനക്കാരുണ്ടായിരുന്ന ഇവിടെ നിലവിൽ ഒരു വനിതാ ലാബ് അസിസ്റ്റന്റ് മാത്രമാണുള്ളത്. ഇതോടെ പേരിനുപോലും പ്രവർത്തനമില്ലാതായി. വികസന സാദ്ധ്യതകളുണ്ടായിട്ടും അധികൃതരുടെ അനാസ്ഥ മൂലം ഇല്ലാതാവുകയാണ് ലാബ്.
ലാസ്റ്റ് ഗ്രേഡ് തസ്തികയിലുണ്ടായിരുന്നവർ വിരമിച്ചതോടെയാണ് സ്ഥാപനം ഒറ്റയാൾ കേന്ദ്രമായി മാറിയത്. 'കേരള സ്റ്റേറ്റ് ഇൻസ്റ്റിട്ട്യൂട്ട് ഒഫ് വൈറോളജി ആൻഡ് ഇൻഫക്ഷ്യസ് ഡിസീസസ്' എന്നാണ് പേരെങ്കിലും വർഷങ്ങളായി ഇവിടെ പരിശോധനകളില്ല. ആലപ്പുഴ മെഡി. ആശുപത്രിയോടു ചേർന്നു പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിൽ തുടങ്ങിയ സ്ഥാപനത്തിനാണ് ഈ ദുർഗതി. ലാബ് ടെക്നീഷ്യൻമാരുൾപ്പെടെ വിവിധ തസ്തികകളിലെ ജീവനക്കാർ വിരമിക്കുന്ന മുറയ്ക്ക് നിയമനങ്ങൾ നടന്നില്ല. പരിശോധനകൾ നടത്താനും നിയമനത്തിനും സർക്കാർ തലത്തിൽ നടപടി ആവശ്യപ്പെട്ട് ജീവനക്കാർ പലകുറി നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും ഒന്നുപോലും അധികൃതർ ചെവിക്കൊണ്ടില്ല.
കൊവിഡിന് പുറമേ, സിക്ക വൈറസും സാന്നിദ്ധ്യം അറിയിച്ച കേരളത്തിലാണ് സർവ്വ സജ്ജീകരണങ്ങളോടും കൂടി ആരംഭിച്ച ലാബ് നോക്കുകുത്തിയായത്. ഒരു ജീവനക്കാരനിലേക്ക് ചുരുങ്ങിയതോടെ കൊതുക് സാന്ദ്രതാ പഠനം പോലുള്ള ഫീൽഡ് വർക്കുകളും മുടങ്ങുന്ന സ്ഥിതിയാണ്.
....................................
നടക്കുമോ!
അമേരക്കയിലെ സെന്റർ ഫോർ ഡീസീസ് കൺട്രോളിന്റെ മാതൃകയിൽ ഒരു സ്ഥാപനം കേരളത്തിൽ തുടങ്ങാൻ കഴിയുന്നത് മെഡിക്കൽ റിസർച്ചിനും സാംക്രമിക രോഗ നിവാരണത്തിനും ഭാവിയിൽ മുതൽക്കൂട്ടായിരിക്കുമെന്ന് കഴിഞ്ഞ ബഡ്ജറ്റിൽ പരാമർശമുണ്ട്. സംസ്ഥാന വൈറോളജി ലാബിന്റെ സ്ഥാനത്ത് പഠന കേന്ദ്രം വരണമെന്ന് പ്ലാനിംഗ് ബോർഡ് മുൻ സർക്കാരിന് നിർദേശം നൽകിയിരുന്നു.
...........................
2008 മുതൽ വൈറോളജിസ്റ്റില്ല
വിരമിച്ചവർക്ക് പകരം നിയമനം ഇല്ല
ഏക ലാബ് അസിസ്റ്റന്റിന് പരിമിതികളേറെ
പരിശോധനാ കിറ്റുകളില്ല
ആധുനിക ഉപകരണങ്ങളില്ല
........................................
പാളിയ നീക്കങ്ങൾ
ആലപ്പുഴ മെഡി. ആശുപത്രിയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിട്ട്യൂട്ടിലേക്ക് ജീവനക്കാരെ മാറ്റാനുള്ള ശ്രമം വിജയിച്ചില്ല
2014ൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് സ്ഥാപനം കൈമാറാൻ തീരുമാനിച്ചെങ്കിലും ഉപേക്ഷിച്ചു
........................................
ലാബിൽ ശേഷിക്കുന്ന ഏക ജീവനക്കാരി 2024ൽ വിരമിക്കും. ഇതിനകം പുതിയ നിയമനങ്ങൾ നടന്നില്ലെങ്കിൽ സംസ്ഥാന വൈറോളജി ലാബ് ഓർമ്മയാകും
ആരോഗ്യ പ്രവർത്തകർ