ആലപ്പുഴ: വരുന്ന അഞ്ചുവർഷത്തിനകം സംസ്ഥാനത്ത് എല്ലാ മത്സ്യത്തൊഴിലാളികൾക്കും വീട് എന്ന സ്വപ്നം സർക്കാർ യാഥാർഥ്യമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് മികവ്-2020 സംസ്ഥാനതല വിതരണദ്ഘാടനം പൊള്ളേത്തൈ ഗവ. ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. തീരദേശ ഹൈവേ പൂർത്തിയാകുന്നതോടെ തീര മേഖലയുടെ വികസനത്തിൽ വലിയ മുന്നേറ്റം ഉണ്ടാവും. മൂന്നുവർഷംകൊണ്ട് കേരളത്തിൽ 12കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറികൾ ആരംഭിക്കും. കിഫ്ബി വഴി 1500 കോടി രൂപ തീര സംരക്ഷണത്തിനായി ഇത്തവണയും നീക്കി വെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മ പി.പി.ചിത്തരജ്ഞൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. ലോറൻസ് ഹാരോൾഡ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് സിംസൺ, ജനപ്രതിനിധികളായ സരസകുമാർ, ഷീലാ സുരേഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രാജീവ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം പി.ഐ.ഹാരിസ്, മത്സ്യഫെഡ് ജില്ലാ മാനേജർ ഡി.ലാലാജി, പൊള്ളേത്തൈ ഗവണ്മെന്റ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് പി.ഡി.അന്നമ്മ തുടങ്ങിവർ സംസാരിച്ചു.