ആലപ്പുഴ: നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ കഴിഞ്ഞ രണ്ടുമൂന്നു ദിവസത്തെ മഴയോടെ വെള്ളക്കെട്ടിലായി. ഫണ്ട് ഉണ്ടായിട്ടും വിവിധ വാർഡുകളിലെ റോഡുകളുടെ പണി പൂർത്തിയാവാത്തത് സ്ഥിതി വഷളാക്കുന്നു.
ഇടത്തോടുകളിൽ മാലിന്യങ്ങൾ നിറയുന്നത് കൊതുകുകൾ പെരുകാൻ കാരണമായിട്ടുണ്ട്. സിവിൽസ്റ്റേഷനു സമീപം, ആലിശ്ശേരി, റെയിൽവേ സ്റ്റേഷനു സമീപം, സക്കറിയ ബസാർ തുടങ്ങിയ മേഖലകളിലുൾപ്പെടെ ഇടത്തോടുകളിൽ മാലിന്യംനിറഞ്ഞു. നഗരത്തിലെ കനാലുകളിൽ 41 കോടിയുടെ നവീകരണമാണ് നടക്കുന്നത്. ചെളി കോരിമാറ്റുന്ന ജോലിയാണിത്. ഇടത്തോടുകളിൽ മാലിന്യം നിറഞ്ഞതോടെ പദ്ധതികൊണ്ട് പ്രയോജനമില്ലെന്ന് ആക്ഷേപമുണ്ട്. തോടുകളിൽ പ്ലാസ്റ്റിക് നിറഞ്ഞതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയാണ്.
കൊവിഡ് രൂക്ഷമായതോടെ നഗരസഭയിലെ ഹരിതകർമസേന വീടുകളിലെത്തിയുള്ള മാലിന്യശേഖരണം നിറുത്തിയിരുന്നു. ഇതോടെയാണ് പലരും പൊതു ഇടങ്ങളിലേക്ക് മാലിന്യം തള്ളാനാരംഭിച്ചത്. പലേടത്തും ജലഅതോറിട്ടിയുടെ ലൈനുകൾ തോടുകൾക്കും കനാലുകൾക്കും കുറുകെ പോകുന്നുണ്ട്. ഇതിൽ മലിനജലം കലരാനും സാദ്ധ്യത.
# വെള്ളത്തിലാവും
നഗരസഭയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ തോടുകളോടു ചേർന്നുള്ള 16 വാർഡുകളെ വെള്ളക്കെട്ട് ബാധിക്കുമെന്നാണു റിപ്പോർട്ട്. തുടർന്ന് വെള്ളപ്പൊക്ക മാപ്പിംഗ് തയ്യാറാക്കിയിരുന്നു. റാണിത്തോട്, ഷഡാമണിത്തോട് എന്നിവയിൽ നീരൊഴുക്ക് തടസപ്പെട്ട് 50 സെന്റിമീറ്റർ വരെ വെള്ളംപൊങ്ങും. മഴ അവസാനിച്ചാലും മൂന്നുമുതൽ എട്ടുദിവസംവരെ വെള്ളക്കെട്ടുണ്ടാകും. ഇത് ശുദ്ധജലസ്രോതസുകളെ മലിനപ്പെടുത്തും.
...............................
മാലിന്യം തള്ളുന്നത് തടയാൻ തോടുകൾക്കു നഗരസഭ വേലികെട്ടും
പ്രാരംഭ പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ വകയിരുത്തി
പ്രധാന കനാലുകളിൽ കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തും
...........................
മാലിന്യങ്ങളും ചെളിയും കൈയേറ്റങ്ങളും നീക്കി ഇടത്തോടുകളിലെ നീരൊഴുക്ക് ശക്തമാക്കണം. മാലിന്യ നിക്ഷേപം തടയാൻ നിരീക്ഷണ കാമറകളടക്കം സ്ഥാപിക്കണം
സലിംകുമാർ, സക്കറിയ ബസാർ