ഗീതയുടെ ജീവിതം ഒരു പ്രതീക്ഷയാണ്, പ്രതിസന്ധികളിൽ തളരുന്നവർക്ക് മുന്നോട്ട് കൊതിക്കാനുള്ള ഊർജം ആ ജീവിതം പകരും. ലോകമാകെ 'അടച്ചുപ്പൂട്ടലി"ൽ കുടുങ്ങി കിടന്നപ്പോൾ എല്ലാ പോരായ്മകളെയും വെല്ലുവിളിച്ച് സ്വയം സംരംഭകയായി. കാഴ്ച പരിമിതി മുതൽ സാമ്പത്തികം വരെ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ഒന്നിലും പതറാതെ ജീവിതത്തെ തിരിച്ചുപിടിക്കുകയായിരുന്നു തൃശൂർ വടൂക്കര സ്വദേശി എം. ഗീത. വീടുകളിൽ നിന്ന് പാൽ വാങ്ങി വെണ്ണ കടഞ്ഞെടുത്ത് നെയ്യുണ്ടാക്കി വാട്സാപ്പ് ഗ്രൂപ്പുകൾ വഴി കച്ചവടം നടത്തി ഗീത തുടക്കമിട്ട 'ഹോം ടു ഹോം" ബ്രാൻഡ് ഇന്ന് കേരളമൊട്ടാകെ ഉപഭോക്താക്കളുടെ ചെറുകിട യൂണിറ്റായി വളരുകയാണ്.
ഇച്ഛാശക്തിയുണ്ടെങ്കിൽ
കണ്ണുകളെന്തിന് വേറെ
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പൂർണ കാഴ്ച ശക്തിയുള്ള കുട്ടിയായിരുന്നു ഗീത. പതിയെ പതിയെ കാഴ്ചകൾ മങ്ങിത്തുടങ്ങി. വിദഗ്ദ്ധ പരിശോധനയിലാണ് കണ്ണിലെ ഞരമ്പുകൾ ദ്രവിക്കുന്ന റെറ്റിനോപ്പതി പിഗ്മന്റോസ് ആണെന്ന് സ്ഥിരീകരിച്ചത്. രോഗത്തിന് മുന്നിൽ അടിയറവ് പറയാൻ അവൾ തയാറായിരുന്നില്ല. ബ്ലൈൻഡ് സ്കൂളിലെ എട്ട് മാസത്തെ ബ്രെയിൽ ലിപി കോഴ്സിന് ശേഷം കേരള വർമ്മ കോളേജിൽ നിന്ന് ബി.എ പൊളിറ്റിക്സ് പൂർത്തിയാക്കി. അക്കാലയളവിലാണ് സീനിയർ വിദ്യാർത്ഥി സലീഷ്, ഗീതയോട് പ്രണയം വെളിപ്പെടുത്തിയത്. തന്നിലെ പോരായ്മകളെ ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്മാറാൻ സലീഷ് തയാറായിരുന്നില്ല. ഇരു വീടുകളിലും ഉയർന്ന എതിർപ്പുകൾ പതിയെ അലിഞ്ഞില്ലാതെയായി. 2006ലായിരുന്നു ഇരുവരുടെയും വിവാഹം.
പ്രതിസന്ധികളിൽ തളരാതെ
ഏഴ് വർഷം മുമ്പ് ജൈവ വിഭവങ്ങൾ മാത്രം വിളമ്പുന്ന ഭക്ഷണശാലയുമായിട്ടാണ് ഗീതയും സലീഷും രംഗത്തിറങ്ങിയത്. നാച്ചുറൽ ജ്യൂസുകൾ, കൊഴുക്കട്ട, മൾട്ടിഗ്രെയിൻ അട, ഗ്രീൻ ടീ, ഇലക്കറികൾ കൂട്ടിയുള്ള ഉച്ചയൂണ് എന്നിവയായിരുന്നു ഹൈലൈറ്റ് ഇനങ്ങൾ. കുട്ടികളായതോടെ ഹോട്ടലിന് പതിയെ ലോക്കിട്ട് വീട്ടുകാര്യങ്ങളിലേക്ക് ഒതുങ്ങി. സലീഷ് മെഡിക്കൽ റെപ്പിന്റെ കുപ്പായവുമണിഞ്ഞു. അക്കാലത്ത് ഗീത കോഴികളെയും കാടകളെയും വളർത്തിയിരുന്നു. ലോക്ക് ഡൗൺ വന്നതോടെ കാടകളെ എങ്ങനെ വിറ്റഴിക്കും എന്ന ചിന്തയിൽ നിന്ന് കാടമുട്ട അച്ചാറിലേക്കാണ് ആദ്യം ചുവട് വെച്ചത്. അതിന് ശേഷമാണ് നെയ്യ് വിപണിയിലേക്ക് കൂടി സംരംഭം വ്യാപിപ്പിച്ചത്.
വീട്ടുജോലികളും, മക്കളുടെ പഠനകാര്യങ്ങളും നോക്കിയ ശേഷമാണ് ഇതിലേക്ക് കടക്കുന്നത്. ഗുണനിലവാരം നിർബന്ധമായതിനാൽ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പാൽ മാത്രമാണ് ഉപയോഗിക്കുന്നത്. പാൽ തൈരാക്കി, വെണ്ണ കടഞ്ഞെടുത്ത്, ഉരുക്കി നെയ്യാക്കുന്നത് വരെയുള്ള ജോലികളിൽ ഗീതയ്ക്ക് പരസഹായം ആവശ്യമില്ല. നെയ്യ് വാങ്ങിയ ഉപഭോക്താക്കളിൽ നിന്ന് കേട്ടറിഞ്ഞാണ് കൂടുതൽ ആവശ്യക്കാരെത്തിയത്. അതോടെ കച്ചവട കേന്ദ്രം വാട്സാപ്പിലേക്ക് മാറ്റി. ഓർഡറുകൾ സ്വീകരിക്കാനും മറുപടി നൽകാനും ഭർത്താവിനെ കൂടാതെ മക്കളായ ഒൻപതാം ക്ലാസുകാരൻ ഗസലും അഞ്ചാം ക്ലാസുകാരി ഗയയും ഒപ്പമുണ്ട്.
പിന്തുണയുമായി
ഐസക്ക് എത്തി
ഗീതയുടെ സംരംഭത്തെ കുറിച്ച് കേട്ടറിഞ്ഞ മുൻ മന്ത്രി ഡോ. തോമസ് ഐസക്ക് അടുത്തിടെ ഗീതയെ കാണാൻ അമല ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിലെത്തി. ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച്, നെയ്യും വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്. സംരംഭം വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും നൽകി. വർക്ക് ഷെഡ് നിർമിച്ച് സംരംഭം ഉഷാറാക്കാൻ ഗീതയ്ക്ക് കുടുംബശ്രീയിൽ അംഗത്വവും അദ്ദേഹം ഉറപ്പാക്കി.
ആവശ്യക്കാർ കൂടുന്നു
ഉപഭോക്താക്കൾ നൽകുന്ന ഓർഡർ പ്രകാരമാണ് ഗീത നെയ്യ്, കാടമുട്ട, അമ്പഴങ്ങ അച്ചാർ എന്നിവ തയാറാക്കുന്നത്. കേട്ടറിഞ്ഞ് കൂടുതലാളുകൾ എത്തിയതോടെ കൊറിയർ വഴി ആവശ്യക്കാരുടെ വീടുകളിലെത്തിച്ച് തുടങ്ങി. വാണിജ്യാടിസ്ഥാനത്തിലുള്ള നെയ്യ് ഉണ്ടാക്കുന്നത് പാലിൽ നിന്ന് നേരിട്ടെടുക്കുന്ന നെയ്യ് ഉപയോഗിച്ചാണ്. തൈരിൽ നിന്ന് കടഞ്ഞെടുത്ത വെണ്ണയാണെങ്കിൽ രുചി വ്യത്യാസമുണ്ടാകും. മണത്തിലും മാറ്റമുണ്ടാകും. വിപണിയിലുള്ള നെയ്യിനെക്കാൾ 50 - 60 ശതമാനം വില വ്യത്യാസമുണ്ടെങ്കിലും മുഴുവനും വിറ്റുപോകുന്നുണ്ട്. 24 ലിറ്റർ വീതം പാൽ വാങ്ങിയാണ് വെണ്ണയെടുക്കുന്നത്. ഒരു ലിറ്റർ വെണ്ണ ഉരുക്കിയാൽ 900 ഗ്രാം നെയ്യ് ലഭിക്കും.
കാഴ്ച ഒരു വിഷയമല്ല
നഷ്ടപ്പെട്ടുപോയ കാഴ്ചശക്തി തനിക്കൊരു വിഷയമല്ലെന്നാണ് ഗീത പറയുന്നത്. തന്നെ മനസിലാക്കി ജീവിതം പകുത്ത് നൽകിയ സലീഷാണ് ഏറ്റവും വലിയ ശക്തിയും പിന്തുണയുമെന്ന് ഗീത ഉറച്ച് വിശ്വസിക്കുന്നു. കാഴ്ചയില്ലാത്തത് ഒരു കുറവായി തോന്നുന്നില്ല. എപ്പോഴും ഓരോ കാര്യങ്ങളിൽ മുഴുകാനാണ് താൽപര്യം. മക്കളെ പഠിപ്പിക്കുന്നതിനടക്കം കാഴ്ചക്കുറവ് പ്രശ്നമായിട്ടില്ല. അക്ഷരങ്ങളും, ഗുണനപട്ടികയുമെല്ലാം വീട്ടിലെ ബോർഡിൽ മക്കൾക്കായി എഴുതി നൽകാറുണ്ട് ഗീത എന്ന അമ്മ.
''ഏത് പ്രശ്നത്തിനും ഒരു പരിഹാരമുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിസന്ധികൾ ബാധിക്കാറില്ല. വെറുതെ ഇരിക്കാതെ എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കണം. കേരളത്തിന് പുറത്ത് കോയമ്പത്തൂരിലേക്കും ഓർഡറുകൾ ലഭിച്ചു തുടങ്ങി. എങ്ങനെയും സംരംഭം വിപുലപ്പെടുത്തണം. അതാണ് മനസിലിപ്പോഴുള്ളത്."" ഗീത പ്രതീക്ഷയോടെ പറഞ്ഞു നിറുത്തി.
(ഗീതയുടെ ഫോൺ: 9946418035)