photo

ആലപ്പുഴ: ഗർഭിണിയായ കാമുകിയെ കെണിയിൽപ്പെടുത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആറ്റിൽത്തള്ളിയ കേസിൽ യുവാവും മറ്റൊരു കാമുകിയും അറസ്റ്റിൽ. നിലമ്പൂർ രാമനകത്ത് പൂക്കോടം ഹൗസിൽ പ്രബീഷ് (36), ആലപ്പുഴ കൈനകരി തോട്ടുവത്തല പതിശേരിയിൽ രജനി (38) എന്നിവരാണ് പിടിയിലായത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് തോട്ടുങ്കൽ വീട്ടിൽ അനീഷിന്റെ ഭാര്യ അനിതയാണ് (32) കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച പള്ളാത്തുരുത്തി ആറ്റിൽ നിന്ന് അനിതയുടെ മൃതദേഹം ലഭിച്ചതോടെയാണ് ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പൊലീസ് പറയുന്നത്: കായംകുളത്ത് അഗ്രിക്കൾച്ചറൽ ഫാമിലെ ജീവനക്കാരായിരുന്നപ്പോഴാണ് പ്രബീഷും അനിതയും പ്രണയത്തിലായത്. ഫാമിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതോടെ പ്രബീഷ് അവിടംവിട്ടു. പിന്നീട് പ്രബീഷിനൊപ്പം ജീവിക്കാനായി ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് അനിത പ്രബീഷിനെ തേടിപ്പിടിച്ചെത്തി. ഇരുവരും മലപ്പുറത്തെ അഗ്രികൾച്ചറൽ ഫാമിൽ ജോലിക്ക് കയറി. ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്നായി അനിത. ഭർത്താവ് ഉപേക്ഷിച്ച രജനിയുമായും അടുപ്പമുണ്ടായിരുന്ന പ്രബീഷ് അനിത ഗർഭിണിയാണെന്നറിയിച്ചതോടെ അനിതയെ ഒഴിവാക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു.

# വിളിച്ചുവരുത്തി കൊലപ്പെടുത്തി

ചങ്ങനാശേരിയിലെ ആശുപത്രിയിൽ ഗർഭം അലസിപ്പിക്കാമെന്ന് പറഞ്ഞ് പ്രബീഷ് അനിതയെ രജനിയുടെ വീട്ടിലേക്കു വിളിച്ചു വരുത്തി. രജനി ബന്ധുവാണെന്നാണ് അവതരിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച അനിത എത്തി. അടുത്ത ദിവസം രാവിലെ ആശുപത്രിയിൽ പോകാമെന്ന് പ്രബീഷ് പറഞ്ഞു. രാത്രിയിൽ ഒരുമുറിയിൽ ഇവർ ഉറങ്ങാൻ കിടന്നു. ഉറക്കം നടിച്ചു കിടന്ന പ്രബീഷും രജനിയും ചേർന്ന് അനിതയെ രാത്രിയിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രജനിയുടെ വീടിന് സമീപത്തെ തോട്ടിൽ കെട്ടിയിട്ടിരുന്ന വള്ളത്തിൽ കയറ്റി മൃതദേഹം ഒഴുക്കുള്ള സ്ഥലത്ത് എത്തിച്ച് തള്ളാനായിരുന്നു പദ്ധതി. എന്നാൽ, നീന്തൽ അറിയാത്ത പ്രബീഷ് വള്ളത്തിൽ കയറാൻ ഭയപ്പെട്ടു. ഇതോടെ രജനി ഒറ്റയ്‌ക്ക് തുഴഞ്ഞ് പോകുന്നതിനിടെ വള്ളം മറിഞ്ഞു. മൃതദേഹം വള്ളത്തിൽ വലിച്ചുകയറ്റാനാവാതെ വന്നതോടെ വള്ളം ഉപേക്ഷിച്ച് മടങ്ങി. ശനിയാഴ്ച രാത്രി എഴുമണിയോടെ പൂക്കൈതയാറിൽ അരയൻതോട് ഭാഗത്ത് മൃതദേഹം ഒഴുകി നടക്കുന്നതായി നാട്ടുകാർ നെടുമുടി പൊലീസിനെ അറിയിച്ചു. പിറ്റേ ദിവസമാണ് അനിതയാണെന്ന് തിരിച്ചറിഞ്ഞത്.

 15 ലധികം സ്ത്രീകളുമായി അടുപ്പം


പ്രബീഷിന്റെ ഫോൺകോൾ പരിശോധിച്ചതോടെ 15 ലധികം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. തെളിവ് നശിപ്പിക്കുന്നതിന് പ്രബീഷ് മൊബൈൽ ആലപ്പുഴയിലെ ഒരു കടയിൽ വിറ്റിരുന്നു. രജനിയുടെ വീട്ടിൽ നിന്ന്, ഉപയോഗിച്ചതിന്റെ ബാക്കി മദ്യം അടങ്ങിയ കുപ്പിയും കടയിൽ നിന്ന് മോബൈൽഫോണും കണ്ടെടുത്തു.

സംഭവ ദിവസം രജനിയുടെ വീട്ടിൽ മദ്യപിക്കാനെത്തിയ മൂന്ന് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.