ആലപ്പുഴ: ഓണത്തിന് പൂ വിപണി കീഴടക്കാനൊരുങ്ങി മണ്ണഞ്ചേരിയിലെ കുടുംബശ്രീ വനിതകൾ രംഗത്ത്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷി ഭവനും കുടുംബശ്രീയും സംയുക്തമായി നടപ്പാകുന്ന പദ്ധതിയിലൂടെയാണ് കുടുംബശ്രീ ജെ.എൽ.ജി(ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) ഗ്രൂപ്പിലെ വനിതകൾ ഓണത്തിന് മുന്നോടിയായി ബന്ദിപ്പൂ കൃഷി ചെയ്യുന്നത്. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിലൂടെയാണ് പൂ കൃഷി. ഓണത്തിന് വിളവെടുക്കാൻ പാകത്തിന് 8500 ബന്ദി തൈകളാണ് പദ്ധതിയ്ക്കായി വിതരണം ചെയ്യുന്നത്. 30,000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ബന്ദി തൈകൾ വാർഡ് അടിസ്ഥാനത്തിൽ വിതരണം ചെയ്തു തുടങ്ങി.