മാവേലിക്കര: മിച്ചൽ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് നടത്തിയ പാരിസ്ഥിതിക പ്രത്യാഘാത പഠന റിപ്പോർട്ട് വിദഗ്ദ്ധ സമിതി തള്ളി. ഏഴംഗ വിഷയ വിദഗ്ദ്ധ സമിതിയാണ് ന്യൂനതകൾ കണ്ടെത്തിയതിനെത്തുടർന്ന് റിപ്പോർട്ട് തള്ളിയത്.

വസ്തു ഉടമകൾ, വാടകക്കാർ, തൊഴിലാളികൾ എന്നിവരെ തരംതിരിച്ച് തെളിവെടുപ്പ് നടത്തിയതായി നിലവിലെ റിപ്പോർട്ടിൽ വിശദീകരണങ്ങൾ ഇല്ല. മൂന്ന് മാസത്തിനുളളിൽ പുതുക്കിയ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സമിതിയുടെ നിർദ്ദേശം. റിട്ട.തഹസിൽദാർ ഹാഷുമുദ്ദീൻ കുഞ്ഞിന്റെ നേതൃത്വത്തിൽ കൊല്ലം സിയാസ് ആണ് പഠനം നടത്തിയത്.
പ്രധാന വിവര ദാതാക്കളുടെ പട്ടികയിൽ വ്യാപാരി സംഘടന നേതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, യൂത്ത് ക്ലബ് പ്രതിനിധികൾ എന്നിവരാണെന്ന് ചൂണ്ടി കാണിച്ചിട്ടുണ്ടെങ്കിലും റിപ്പോർട്ടിൽ ഇവരുടെ അഭിപ്രായങ്ങൾ തരം തിരിച്ച് രേഖപ്പെടുത്തിയിട്ടില്ല. വ്യാപാരികൾ, സ്ഥലം ഉടമകൾ, തൊഴിലാളികൾ എന്നിവർക്ക് നഷ്ട പരിഹാരം പറഞ്ഞിട്ടുണ്ടെങ്കിലും എത്ര വ്യാപാരികൾക്ക് വ്യാപാരം നഷ്ടപ്പെടുമെന്നോ എത്ര തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നോ റിപ്പോർട്ടിൽ ഇല്ല.

സമിതി അദ്ധ്യക്ഷ മീനാകുരുവിളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അനി വർഗീസ്, ശാന്തി അജയൻ, ഡെപ്യൂട്ടി കളക്ടർ ശോഭ എസ്, തഹസിൽദാർ സജീവ് എസ്, അസി.എക്സിക്യുട്ടിവ് എൻജിനിയർ ബി.അംബിക, അസി.എൻജിനിയർ പ്രേംലാൽ വി.ജി, മരിയ ടെൻസ്, രാജി, പ്രേംകുമാർ.കെ.എ, സുധി എന്നിവർ പങ്കെടുത്തു.