photo
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പണി കഴിപ്പിച്ച ആധുനിക പൊതു ശ്മശാനമായ ശാന്തിതീരത്തിന്റെ പ്രവർത്തന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അത്തിമരം നട്ട് നിർവഹിക്കുന്നു

ചേർത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പണി കഴിപ്പിച്ച ആധുനിക പൊതുശ്മശാനമായ ശാന്തിതീരത്തിന്റെ പ്രവർത്തനം ആരംഭിച്ചു. അത്തിയും ചെമ്പകവും കണിക്കൊന്നയും നട്ട് വ്യത്യസ്ത രീതിയിലായിരുന്നു പ്രവർത്തനോദ്ഘാടനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ കെട്ടിടത്തിന്റെ മുന്നിൽ അത്തിമര തൈകൾ നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. കണിക്കൊന്നയും പനിനീർചെമ്പകവും വിവിധ ജന പ്രതിനിധികളും നട്ടു. പ്രായാധിക്യത്താൽ മരണമടഞ്ഞ, കഞ്ഞിക്കുഴി പഞ്ചായത്ത്ഏഴാം വാർഡിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കുന്നത്തുവെളി സത്യൻ ചെട്ടിയാരുടെ മൃതദേഹമാണ് ആദ്യമായി സംസ്‌കരിച്ചത്. ഒന്നാം വാർഡിലെ രാജ്ഭവൻ വീട്ടിലെ കല്യാണിയമ്മയുടെ മൃതദേഹവും പിന്നീട് സംസ്‌കരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ,വൈസ് പ്രസിഡന്റ് അഡ്വ എം. സന്തോഷ് കുമാർ , കെ.കെ. കുമാരൻ പാലിയേ​റ്റീവ് കെയർ ചെയർമാൻ എസ്.രാധാകൃഷ്ണൻ,
അസിസ്​റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ തോമസ് ഡിക്രൂസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ,സുധാസുരേഷ്, കെ. കമലമ്മ, ബൈരഞ്ചിത്ത്, ജോഷി മോൻ ,ടി.പി. കനകൻ, സി.കെ. ശോഭനൻ, പുഷ്പവല്ലി,ജോളി അജിതൻ, പി. ഗീതാകുമാരി, എസ്. ഗോപാലകൃഷ്ണൻ,ജി. ഉദയപ്പൻ എന്നിവർ കെട്ടിട സമുച്ചയത്തിന് ചു​റ്റിലും മരത്തൈകൾ നട്ടു. പഞ്ചായത്ത തിർത്തിയിൽ മരിക്കുന്നവർക്ക് 3000 രൂപയും പുറത്തുള്ളവർക്ക് 4000 രൂപയുമാണ് നിരക്ക്. പട്ടികജാതി വിഭാഗത്തിലുള്ളവർ പകുതി പണമടച്ചാൽ മതിയാകും. കൂ​റ്റുവേലി വടക്ക് കേരകമ്പനിക്ക് സമീപമാണ് ശാന്തിതീരം പണി കഴിപ്പിച്ചത്. വൈദ്യുതിയിലും ഗ്യാസിലും സംസ്കാരം നടത്താനുള്ള സൗകര്യമുണ്ട്. പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽപ്പെടുത്തി 55 ലക്ഷം രൂപയാണ് ശ്മശാനം നിർമ്മാണത്തിനായി ചിലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ സഹായവും ലഭിച്ചു.