ആലപ്പുഴ: ഛർദ്ദി, അതിസാരം,സിക്ക എന്നിവയുടെ പശ്ചാത്തലത്തിൽ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജിന്റെ നിർദ്ദേശപ്രകാരം നഗരപരിധിയിൽ ഉള്ള അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിക്കുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കാനുള്ള പരിശീലനം നൽകി.
ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ ഒ.പി യൂണിറ്റിന്റെ നിർമ്മാണ സൈറ്റ്, ജില്ലാ കോടതി വാർഡിലെ ഫിനിഷിംഗ് പോയിന്റിന് സമീപം ഉള്ള നിർമ്മാണ സൈറ്റ്, തത്തംപള്ളി വാർഡിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലം, വെള്ളക്കിണർ ജംഗ്ഷന് സമീപമുള്ള കൺസ്ട്രക്ഷൻ സൈറ്റ്, എ. എൻ പുരം വാർഡിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലവും കൺസ്ട്രക്ഷൻ സൈറ്റും എന്നിവിടങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം സന്ദർശിച്ചു. എല്ലാ സൈറ്റുകളിൽ നിന്നും കുടി വെള്ളത്തിന്റെ സാമ്പിൾ ശേഖരിയ്ക്കുകയും, പരിശോധനയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിലേക്ക് അയയ്ക്കുകയും ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.ഹർഷിദ്, ബി.അനിൽകുമാർ, സി.ജയകുമാർ എന്നിവരോടൊപ്പം ജില്ലാ സുരക്ഷാ പ്രോജക്ട് കോർഡിനേറ്റർ കെ.ജെ.പ്രവീൺ എന്നിവർ പങ്കെടുത്തു.