മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ രാമായണ മഹോത്സവം 17 മുതൽ ആഗസ്റ്റ് 16വരെ നടക്കുമെന്ന് ശ്രീദേവീ വിലാസം ഹിന്ദുമത കൺവെൻഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാമായണ പാരായണം, ആടിമാസ കച്ചേരി, പ്രഭാഷണങ്ങൾ, നിത്യപ്രശ്‌നോത്തരി, വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾ എന്നിവയും നടക്കും. മത്സരങ്ങളും പ്രഭാഷണങ്ങളും നവമാധ്യമങ്ങൾ വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തിൽ രാമായണ പാരായണം ഉണ്ടായിരിക്കും. ആടിമാസ കച്ചേരി ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ നടക്കും. കർക്കിടകം 1 മുതൽ എല്ലാ ദിവസങ്ങളിലും രാമായണത്തെ അധികരിച്ച് വൈകിട്ട് 7 മുതൽ പ്രഭാഷണം നടക്കും. ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ഇതിന്റെ പ്രക്ഷേപണം. കർക്കിടകമാസാചരണം, രാമായണം എന്നീ വിഷയങ്ങളിൽ ദിവസവും പ്രശ്‌നോത്തരികൾ നടത്തും. ഗൂഗിൾ ഫോം വഴിയാണ് ചോദ്യങ്ങൾ ചോദിക്കുക. ഉത്തരവും അതിലൂടെത്തന്നെ രേഖപ്പെടുത്തി അയക്കണം. എല്ലാ ദിവസവും രാത്രി 8 മുതൽ 9 മണിവരെയാണ് പ്രശ്‌നോത്തരി. വിദ്യാർത്ഥികൾക്കുള്ള ഉപന്യാസ രചന, ചിത്ര രചന, രാമായണ പാരായണം, പ്രസംഗം എന്നീ മത്സരങ്ങൾ 25നും രാമായണ പ്രശ്‌നോത്തരി ആഗസ്റ്റ് 1നും നടക്കും. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. മത്സരങ്ങൾക്കുള്ള ഗൂഗിൾ മീറ്റ് ലിങ്കുകൾ ഓൺലൈൻ മാധ്യമങ്ങൾ വഴി പ്രസിദ്ധീകരിക്കും.


ഉപന്യാസം, ചിത്ര രചനാ, പ്രസംഗം, പാരായണം, പ്രശ്‌നോത്തരി മത്സരങ്ങൾ

വിദ്യാർത്ഥികൾക്കുള്ള ഉപന്യാസ രചന എൽ.പി വിഭാഗത്തിന് 25ന് രാവിലെ 9 മുതലും യു.പി വിഭാഗത്തിന് 10 മുതലും എച്ച്.എസ് വിഭാഗത്തിന് 11 മുതലും എച്ച്.എസ്എസ് വിഭാഗത്തിന് 12 മുതലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ചിത്ര രചനാ മത്സരം എൽ.പി വിഭാഗത്തിന് ഉച്ചയ്ക്ക് 2 മണി മുതലും യു.പി വിഭാഗത്തിന് 3 മുതലും, എച്ച്.എസ് വിഭാഗത്തിന് 4 മുതലും എച്ച്.എസ്.എസ് വിഭാഗത്തിന് 5 മുതലുമാണ് . പ്രസംഗം, പാരായണ മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ വീഡിയോ സ്വയം എടുത്ത് അയച്ചു നൽകണം. 24ന് വിഷയം പ്രസിദ്ധീകരിക്കും 25 നാണ് എൻട്രി ലഭിക്കേണ്ട അവസാന ദിവസം. വീഡിയോകൾ ഗൂഗിൾ ഡ്രൈവ്, ഇ മെയിൽ, ടെലിഗ്രാം, വാട്ട്സാപ്പിലൂടെ ഡോക്യുമെന്റായും അയക്കാം. ലാൻഡ്സ്‌കേപ്പ് രീതിയിൽ എം.പി 4 ഫോർമാറ്റിൽ 5 മിനിറ്റിൽ കവിയാത്ത വീഡിയോണ് അയക്കേണ്ടത്.

വിദ്യാർത്ഥികൾക്കുള്ള പ്രശ്‌നോത്തരി മത്സരം ഗൂഗിൾ മീറ്റ് വഴി തത്സമയമാണ് നടക്കുന്നത്. എൽ.പി വിഭാഗത്തിന് ബാലകാണ്ഡം, അയോധ്യാ കാണ്ഡം എന്നീ ഭാഗങ്ങളിൽ നിന്നും, യു.പി വിഭാഗത്തിന് ആരണ്യകാണ്ഡം, കിഷ്‌കിന്ധാ കാണ്ഡം എന്നിവയിൽ നിന്നും, എച്ച്.എസ് വിഭാഗത്തിന് സുന്ദരകാണ്ഡം, യുദ്ധ കാണ്ഡം എന്നീ ഭാഗങ്ങളിൽ നിന്നും, എച്ച്.എസ്.എസ് വിഭാഗത്തിന് രാമായണത്തിന്റെ മുഴുവൻ ഭാഗങ്ങളിൽ നിന്നുമായാരിക്കും ചോദ്യങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് ശ്രീദേവി വിലാസം ഹിന്ദു മത കൺവെൻഷനുമായി ബന്ധപ്പെടമെന്ന് പ്രസിഡന്റ് എം.കെ.രാജീവ്, സെക്രട്ടറി എം.മനോജ്കുമാർ എന്നിവർ അറിയിച്ചു.