ഹരിപ്പാട്: തുടർച്ചയായി നാലാം വർഷവും നൂറ് മേനി​ വിജയവുമായി നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയാണ് സ്കൂൾ വീണ്ടും നാടിന് അഭിമാനമായത്. 2017ൽ ഒരു വിദ്യാർത്ഥിക്ക് ഒരു വിഷയത്തിൽ തോൽവി സംഭവിച്ചതിനാൽ നഷ്ടമായ നൂറ് ശതമാനം കഴിഞ്ഞ മൂന്ന് തവണ തിരികെ പിടിക്കാനും ഇത്തവണ വിജയം ആവർത്തിക്കാനും സ്കൂളിനായി. ഇതിന് മുമ്പ് തുടർച്ചയായി മൂന്ന് തവണ നൂറ് ശതമാനം വിജയം നേടിയ ചരിത്രവും സ്കൂളിനുണ്ട്. 51 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. അതിൽ 16 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി. മത്സ്യ തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും മക്കളാണ് ഇവിടെ കൂടുതലും പഠിക്കുന്നത്. സാധാരണക്കാരുടെ മക്കൾക്ക് ലഭിച്ച ഉന്നത വിജയം നാടിന്റെ വിജയമായി ആഘോഷിക്കുകയാണ്. നൂറ് ശതമാനം വിജയം നേടിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആർ.ഡി.സി കൺവീനർ കെ.അശോകപണിക്കർ, ചെയർമാൻ എസ്.സലികുമാർ, ഹെഡ്മിസ്ട്രസ് ബിജി, പ്രിൻസിപ്പൽ ഹേമലത, പി.ടി.എ പ്രസിഡന്റ് ഇല്ലത്ത് ശ്രീകുമാർ, വൈസ് പ്രസിഡന്റ് അഡ്വ.യു.ചന്ദ്രബാബു എന്നിവർ അഭിനന്ദിച്ചു.