s

 നിരീക്ഷണം ശക്തമാക്കി പൊലീസും എക്സൈസും

ആലപ്പുഴ: മദ്യശാലകളിലെ നിയന്ത്രണം മനസിൽ കരുതി ഓണം ആഘോഷിക്കാൻ വാറ്റു കേന്ദ്രങ്ങൾ സജീവമാവുന്നു. ടി.പി.ആർ 10 ശതമാനത്തിന് മേലെയുള്ള മേഖലകളിൽ വിദേശമദ്യ വില്പന ശാലകളും ബാറുകളും അടഞ്ഞു കിടക്കുന്നത് വാറ്റ് സംഘങ്ങൾക്ക് തുണയാവുകയാണ്.

ഇത്തവണ ഓണക്കാലത്ത് സർക്കാർ വിലാസം മദ്യവില്പന പേരിലൊതുങ്ങാനാണ് സാദ്ധ്യത. അതുകൊണ്ടുതന്നെ വാറ്റുകാർ നിറഞ്ഞു നിൽക്കുമെന്ന് പൊലീസ്, എക്സൈസ് അധികൃതർ കണക്കുകൂട്ടുന്നു. വാറ്റുമായി ബന്ധപ്പെട്ട സൂചന പോലുമുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വീടുകൾ കേന്ദ്രീകരിച്ചുള്ള വാറ്റ് ചാരായ നിർമ്മാണം സജീവമായിട്ടുണ്ടെന്നും എക്സൈസ് അധികൃതർ പറയുന്നു.

മേയ് എട്ടു മുതൽ ജൂലായ് 14 വരെയുള്ള എക്സൈസ് കണക്ക്

 പരിശോധന- 2212

 കേസ്-374 (അബ്കാരി, നർക്കോട്ടിക്)

 അറസ്റ്റ്- 84

 ചാരായം- 532.45 ലിറ്റർ

 വാഷ്- 30,700 ലിറ്റർ

 വിദേശമദ്യം-186.85 ലിറ്റർ

 വ്യാജമദ്യം- 43.46 ലിറ്റർ

 അരിഷ്ടം- 205.4 ലിറ്റർ

 വൈൻ-430 ലിറ്റർ

 കഞ്ചാവ്- 12.526 കിലോ

............................................

കടുപ്പമാണ് ശർക്കര

വാറ്റു കേന്ദ്രങ്ങൾ സജീവമായതോടെ ശർക്കരയ്ക്ക് വിലകൂടി. ലോക്ക്ഡൗണിന് മുമ്പ് കിലോയ്ക്ക് 35 രൂപയായിരുന്ന ശർക്കര വില ഇപ്പോൾ 70 മുതൽ 80 വരെയായി. ഈസ്റ്റ് വില കിലോയ്ക്ക് 600ൽ നിന്ന് 750 രൂപയായി. പതയൻ ശർക്കര കിലോയ്ക്ക് 70 രൂപയായിരുന്നത് നൂറിൽ എത്തി.

.............................

ഉത്പാദന ചെലവ്

ഒരു ലിറ്റർ ചാരായം ഉത്പാദിപ്പിക്കാൻ ചെലവാകുന്നത് കേവലം 95 രൂപ വരെയാണ്. വില്പന വില ലിറ്ററിന് കുറഞ്ഞത് 1000 രൂപ. 35 ലിറ്റർ കോട തയ്യാറാക്കാൻ ഏഴുകിലോ ശർക്കരയും നൂറ് ഗ്രാം ഈസ്റ്റും മതി. വില യഥാക്രമം 560 രൂപയും 75 രൂപയുമാണ്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് 1800 മുതൽ 2000 രൂപ വരെ ലിറ്ററിന് വാങ്ങിയാണ് വില്പന നടത്തിയത്.

.................................

ഓണക്കാലത്തെ വ്യാജമദ്യ നിർമ്മാണവും വില്പനയും തടയാൻ ആവശ്യമായ മുൻകരുതൽ തുടങ്ങി. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിച്ചു തുടങ്ങി

സി.വി.വേണുക്കുട്ടൻ പിള്ള, അസി. എക്സൈസ് കമ്മിഷണർ