ആലപ്പുഴ: എ-സി റോഡിൽ വാഴൂർ വരെയുള്ള 50 കിലോമീറ്റർ കേന്ദ്രസർക്കാർ ഭാരത മാല പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയ പാതയാക്കാൻ തീരുമാനിച്ചിരുന്ന സാഹചര്യത്തിൽ റോഡിന്റെ പുനർനിർമ്മാണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി നടത്തണമെന്ന് കുട്ടനാട് സംയുക്ത സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കുട്ടനാട് വികസനവുമായി ബന്ധപ്പെട്ട് സമിതി മുന്നോട്ടുവച്ച അഞ്ച് ആവശ്യങ്ങളിലൊന്ന് എ-സി റോഡ് ദേശീയ പാതയാക്കണമെന്നത്. 2015ൽ കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ചതാണിത്. ഓദ്യോഗിക തീരുമാനം പ്രഖ്യാപിച്ചതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അഭിനന്ദിക്കുന്നു. നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ എ-സി റോഡിൽ ഗതാഗത തടസവും പ്രളയക്കെടുതിയും സൃഷ്ടിക്കും. നിർദ്ദിഷ്ട അഞ്ച് സെമി എലിവേറ്റഡ് പാതകൾ റോഡിന്റെ നാലുവരി വികസനത്തിന് തടസമാണ്. പ്രളയക്കെടുതി ഇല്ലാതാക്കാനുള്ള നെതർലാൻഡ് പദ്ധതി കുട്ടനാട്ടിലും നടപ്പാക്കണം. പൊതുമരാമത്ത് വകുപ്പിന്റെ സർവേ പ്രകാരം എ-സി.റോഡിൽ നാലുവരി ഗതാഗത സൗകര്യമാണ് അടിയന്തരമായി വേണ്ടത്. സംസ്ഥാന സർക്കാർ വിഹിതമായി അനുവദിച്ചിട്ടുള്ള 672 കോടിയുടെ പദ്ധതിക്കൊപ്പം കേന്ദ്ര വിഹിതം കൂടി അനുവദിച്ചാൽ നിലവിലുള്ള രണ്ടു വരി പാതയ്ക്ക് പുറമേ റോഡിന്റെ തെക്ക് ഭാഗത്തെ കനാലിന് മുകളിലൂടെ ചങ്ങനാശേരി വരെ രണ്ടുവരിയിൽ എലിവേറ്റഡ് പാത നിർമ്മിക്കാൻ നടപടി സ്വീകരിക്കണം. ചെന്നൈ ഐ.ഐ.ടി പഠനം നടത്തുമ്പോൾ, അത് കുട്ടനാട്ടിലെ 13 പഞ്ചായത്തുകളുടെയും കാർഷിക മേഖലയുടെ വികസനത്തിന് ആവശ്യമായ തരത്തിലാവണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ കുട്ടനാട് സംയുക്ത സമിതി ചീഫ് കോ ഓർഡിനേറ്റർ എം.ജയചന്ദ്രൻ, കോ ഓർഡിനേറ്റർ രാജൻ ജേക്കബ്, കേരള ഗവ. കോൺട്രാക്ടഴ്‌സ് അസോ. സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, ഷാജി എന്നിവർ പങ്കെടുത്തു.