കായംകുളം: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി നെറ്റ് ബാൾ ടീമംഗങ്ങൾ. സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലെ സ്ഥിരം സാന്നിദ്ധ്യമായ സ്വാതി, സോണാലി ജോൺ, അസീത എന്നിവരാണ് എസ്എസ്എൽസി പരീക്ഷയിലും നേട്ടം കൊയ്തത്.
ഗ്രേസ് മാർക്ക് ഇല്ലാതെയാണ് ഈ നേട്ടം. കഴിഞ്ഞകൊല്ലം ജില്ലാ വനിതാ സീനിയർ ചാമ്പ്യൻഷിപ്പിൽ മുതുകുളം ഹയർസെക്കൻഡറി സ്കൂൾ ടീമിനെ പ്രതിനിധീകരിച്ചെത്തി കോളേജ് ടീമുകളെ പരാജയപ്പെടുത്തി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു.
സോണാലിയും അസിതയും എൻ.സി.സി കേഡറ്റുകളുമാണ്. സ്വാതി ജൂനിയർ റെഡ് ക്രോസ് അംഗവും. കൊവിഡ് കാലത്തും കഠിന പരിശീലനം നടത്തിയിരുന്ന ഇവർ ഇപ്പോൾ അടുത്ത സംസ്ഥാന ചാംപ്യൻഷിപ്പിനുള്ള തീവ്ര പരിശീലനത്തിലാണ്
ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറിയും സ്കൂൾ ഹെഡ്മാസ്റ്ററും ആയ എസ്. കെ ജയകുമാർ, സ്കൂളിലെ കായികാദ്ധ്യാപകനായ എ.ഹരികുമാർ, സീനിയർ താരങ്ങളായ മോഹിനി മുരളി, അനഘ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.