ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ സ്ഥിരമായി പൊട്ടലുണ്ടാകുന്ന തകഴി, കേളമംഗലം ഭാഗത്തെ 1427മീറ്റർ നീളത്തിലെ കുടിവെള്ള പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ നവംബർ അവസാനത്തോടെ ആരംഭിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പൈപ്പ് മാറ്റി സ്ഥാപിക്കുമ്പോൾ ആലപ്പുഴ നഗരത്തിലേയും സമീപത്തെ എട്ട് പഞ്ചായത്തുകളിലേയും കുടിവെള്ള വിതരണം തടസപ്പെടാതെയുള്ള നടപടികൾ സ്വീകരിക്കും. ജില്ലയിലെ കുടിവെള്ള പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. താൽക്കാലികമായി കുടിവെള്ള വിതരണത്തിന് 14 പുതിയ കുഴൽക്കിണറുകൾ സ്ഥാപിക്കും. നിലവിലുള്ള 30 കുഴൽക്കിണറുകൾ പ്രവർത്തന സജ്ജമാണെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. 14 കുഴൽക്കിണറുകൾ സ്ഥാപിക്കുന്നതിനുള്ള ചുമതല ഭൂഗർഭ ജല വിഭാഗത്തിന് നൽകി.

മണ്ഡലതല പ്രവർത്തനം

എല്ലാ മണ്ഡലങ്ങളിലും കുടിവെള്ള പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനം നടന്നു. തുറവൂരിൽ പുതിയ വാട്ടർ ടാങ്ക് നിർമ്മിച്ചു അരൂർ മണ്ഡലത്തിലെ തുറവൂർ -കുത്തിയതോട് മേഖലകളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള നടപടികൾ ഉടനുണ്ടാകും. ഇതിനായുള്ള രൂപരേഖ തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പിറവത്തു നിന്നും തൈക്കാട്ടുശേരിയിലെ കുടിവെള്ള പ്ലാന്റിലേക്ക് വെള്ളം എത്തിക്കുന്നതിനായുള്ള നടപടികൾ പൂർത്തിയാക്കി ജലവിതരണം പൂർണ്ണതോതിൽ എത്തിക്കാനുള്ള സംവിധാനം ഒരുക്കും. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ശുദ്ധജല വിതരണത്തിന് പുതിയ പദ്ധതി നടപ്പാക്കും. ആശുപത്രിക്ക് മാത്രമായി കുഴൽക്കിണർ നിർമിക്കുന്നത് പരിഗണിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ആലപ്പുഴ നഗരത്തിലടക്കം നൂതന രീതിയിലുള്ള റോഡ് നിർമ്മാണം മൂലം കുടിവെള്ള പൈപ്പ് ലൈനിന്റെ അറ്റകുറ്റ പണികൾ നടത്തുന്നതിന് ഉണ്ടായിരിക്കുന്ന സാങ്കേതിക പോരായ്മകൾ പരിഹരിക്കും. ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് നിയമസഭാ സമ്മേളനത്തിന് മുമ്പായി നൽകാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, ദലീമാ ജോജോ, എം.എസ്.അരുൺകുമാർ, തോമസ് കെ.തോമസ്, കളക്ടർ എ.അലക്‌സാണ്ടർ, ചിഫ് എൻജിനിയർ ടി.എസ്.സുധീർ, എക്‌സിക്യൂട്ടീവ് എൻജിനിയർ എ.ഷീജ, കിഫ്ബി പദ്ധതികളുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എൻജിനിയർ സത്യ വിൽസൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.