ഗൗനിക്കാതെ സർക്കാർ സംവിധാനങ്ങൾ
ആലപ്പുഴ: അഴിക്കുന്തോറും മുറുകുന്ന കുരുക്കായി മാറുന്ന കയർ വ്യവസായത്തിൽ ഫലപ്രദമായ ഇടപെടൽ സാദ്ധ്യമാവാതെ സർക്കാരുകൾ പതുങ്ങുമ്പോൾ പ്രതിസന്ധിയിലാവുകയാണ് ചെറുകിട കയർ മേഖലകൾ. ഓർഡറില്ല, കൂലിയിലും ഉത്പന്ന വിലയിലും വർദ്ധനവില്ല. ഇന്ത്യയിൽ നിന്നുതന്നെ മതിയായ ഓർഡർ ലഭിക്കുമെന്നിരിക്കെ, സർക്കാരും അനുബന്ധ സ്ഥാപനങ്ങളും തുനിയുന്നില്ലെന്ന ആക്ഷേപമാണ് നുരയുന്നത്.
കയറ്റുമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കേരള കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു. ഇത്തവണത്തെ ബഡ്ജറ്റിൽ പോലും കയർ മേഖലയ്ക്ക് പരിഗണന ലഭിച്ചിട്ടില്ല. 2018ന് ശേഷം മേഖലയിൽ തൊഴിലാളികളുടെ കൂലിയും ഉത്പന്നങ്ങളുടെ വിലയും വർദ്ധിപ്പിച്ചിട്ടില്ല. ചെറുകിടക്കാർ എത്ര ആവലാതി പറഞ്ഞാലും ചെവിക്കൊള്ളാൻ ആളില്ല. ഓർഡറുകൾ നിശ്ചലമായതോടെ കഴിഞ്ഞ അഞ്ച് മാസമായി മേഖലയിലുള്ളവർ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
......................................
ആവശ്യങ്ങൾ
ആഭ്യന്തര, വിദേശ മാർക്കറ്റുകളിൽ ഓർഡർ തേടണം
ഉത്പന്നത്തിന് ന്യായവില ഉറപ്പാക്കണം
കൂലി വർദ്ധിപ്പിക്കണം
.....................................
പടമാണ് കൈത്തറി
ഹാൻഡ്ലൂം ഉത്പന്നങ്ങളുടെ ചിത്രങ്ങൾ കാണിച്ചാണ് പല കയറ്റുമതിക്കാരും ഓർഡർ കൈപ്പറ്റുന്നതെന്ന് ചെറുകിടക്കാർ ആരോപിക്കുന്നു. എന്നാൽ ഇവ അവരവരുടെ ഫാക്ടറികളിൽ മെഷീൻ വഴിയാണ് ഉത്പാദിപ്പിക്കുന്നത്.
.................................
ഓർഡർ ക്ഷാമം തന്നെയാണ് ചെറുകിട കയർ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. വായ്പയെടുത്തും തൊഴിലാളികളെ പിടിച്ചു നിറുത്താൻ ശ്രമിച്ച ചെറുകിടക്കാർ, പണി നിശ്ചലമായമായതോടെ ജീവിതം തകർന്ന അവസ്ഥയിലാണ്. കൃത്യമായ ഇടപെടലുകളിലൂടെ ഓർഡർ സമാഹരിച്ച് ഉത്പന്ന വിലയും കൂലിയും വർദ്ധിപ്പിക്കാൻ സർക്കാരിന് സാധിക്കും
എം.അനിൽകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ