ചാരുംമൂട്: ഏഴുവർഷം മുൻപ് നൂറനാട് അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് പുനരന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി ആർ.ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ പൊലീസ് സംഘം കുടശനാട് എത്തി തെളിവുകൾ ശേഖരിച്ചു.
2014 ജൂൺ 18ന് കുടശ്ശനാട്ടെ ഒരു ഫർണിച്ചർ നിർമ്മാണ ഗോഡൗണിൽ വച്ച് പശ്ചിമ ബംഗാൾ സ്വദേശിയായ കാലിയ എന്നു വിളിക്കുന്ന ഹഫിജൻ മുഹമ്മദിനെ ഇയാൾക്കൊപ്പം താമസിച്ചിരുന്ന കൂട്ടുകാരനും ഹഫിജൻ മുഹമ്മദിന്റെ നാട്ടുകാരനുമായ സഞ്ജയ് ഒറൻ തടിക്കഷണം കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
മാവേലിക്കര സെക്ഷൻസ് കോടതിയിൽ നടന്ന വിചാരണയെ തുടർന്ന് പ്രതിസഞ്ജയനെ ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ വിധിക്കെതിരെ ഹൈക്കോടതിയിൽ സഞ്ജയ് നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് പ്രതിയെ വെറുതേ വിട്ടിരുന്നു. കേസിൽ പൊരുത്തക്കേടുകളുണ്ടെന്നും സത്യം പുറത്തു വരാൻ തീർച്ചയായും പുനരന്വേഷണം ആവശ്യമാണെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു. പുനരന്വേഷണം ഡിവൈ.എസ്. പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം കേസിന്റെ പുനരന്വേഷണം ആരംഭിച്ചിരിക്കുന്നത്.