ആലപ്പുഴ: സംസ്ഥാനത്ത് സിനിമാ ചിത്രീകരണത്തിന് നിബന്ധനകളോടെ ഇളവ് അനുവദിച്ചതിനാൽ, ആലപ്പുഴ വീണ്ടും മേക്കപ്പിടുന്നു! മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളുടെയും ഇഷ്ട ലൊക്കേഷനാണ് ദൃശ്യഭംഗി ഏറെയുള്ള ആലപ്പുഴ.
ഒരു കന്നട ചിത്രവും ഹിന്ദി ആൽബവുമാണ് കൊവിഡ് പിടിമുറുക്കുന്നതിന് മുമ്പ് അവസാനമായി ആലപ്പുഴയിൽ ചിത്രീകരിച്ചത്. രണ്ട് മലയാള ചിത്രങ്ങൾക്ക് വേണ്ടി അണിയറപ്രവർത്തകർ അടുത്തിടെ ജില്ലയിലെ ലൊക്കേഷനുകൾ കണ്ടിരുന്നു. ഒപ്പം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അന്വേഷണങ്ങളും വരുന്നുണ്ടെന്ന് സീനിയർ പ്രൊഡക്ഷൻ കൺട്രോളറും ലൈൻ പ്രൊഡ്യൂസറുമായ എ. കബീർ പറയുന്നു. കൊവിഡ് ടി.പി.ആർ അടിസ്ഥാനത്തിൽ എ, ബി വിഭാഗങ്ങളിൽ വരുന്ന സ്ഥലങ്ങളിൽ മാത്രമാണ് സിനിമ ചിത്രീകരണത്തിന് അനുമതിയുള്ളത്. ആലപ്പുഴ ജില്ല ബി കാറ്റഗറിയിലാണെങ്കിലും, നഗരപ്രദേശങ്ങളടക്കം മിക്ക ആഴ്ചകളിലും സി, ഡി വിഭാഗത്തിലേക്ക് പോകുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഭൂരിഭാഗം ചിത്രങ്ങളിലും കടലോരങ്ങളും കായലോരങ്ങളും പാലങ്ങളുമാണ് പ്രധാന ലൊക്കേഷനുകളാവുന്നത്. സാമൂഹിക അകലം പാലിച്ച് ഇത്തരം സ്ഥലങ്ങളിൽ ഷൂട്ടിംഗ് പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് ചലച്ചിത്ര അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
......................................
#ചിത്രീകരണം എ,ബി കാറ്റഗറി പ്രദേശങ്ങളിൽ മാത്രം
# സെറ്റിലുള്ളവർക്ക് ഒരു ഡോസ് വാക്സിൻ നിർബന്ധം
....................................
പാട്ടാണ് പ്രധാനം
മുഴുനീള ചിത്രങ്ങൾക്കുപരി, ചിത്രത്തിലെ ഗാനരംഗങ്ങൾ പകർത്താൻ ആലപ്പുഴ തിരഞ്ഞെടുക്കുന്നവരാണ് ഏറെയും. നൂറുകണക്കിന് സിനിമാ ഗാനങ്ങളിലാണ് ആലപ്പുഴയുടെ കൈയൊപ്പ് പതിഞ്ഞത്. ഇവയിലേറെയും സെറ്റിട്ടത് കുട്ടനാട്ടിലാണ്. വള്ളം കളിയും നാടൻ പാട്ടിന്റെ താളവുമെല്ലാം അന്യഭാഷാ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തിയിട്ടുണ്ട്.
..............................
ഉദയ ആയിരുന്നു സിനിമ
ആലപ്പുഴയുടെ സിനിമാ ചരിത്രം 'റിലീസ്' ചെയ്തത് ഉദയ സ്റ്റുഡിയോയിലാണ്. നസീറും സത്യനുമടക്കമുള്ള നിത്യഹരിത നായകർ കളം നിറഞ്ഞ് നിൽക്കവേ, ഉദയ ആയിരുന്നു മലയാള സിനിമയുടെ പ്രധാന ലൊക്കേഷൻ. അഞ്ച് പതിറ്റാണ്ടോളം മലയാളത്തിന്റെ തിലകക്കുറിയായിരുന്ന ഉദയ പതിയെ ആ ഓർമ്മകളിലേക്ക് ചേക്കേറുകയാണ്.
.............................
പ്രകൃതി ഭംഗിയാണ് സിനിമ വ്യവസായത്തെ ആലപ്പുഴയിലേക്ക് ആകർഷിക്കുന്നത്. കായൽ പ്രദേശങ്ങളിലും, കടലോരത്തും ഷൂട്ടിംഗ് നടത്തുന്നതിന് ടി.പി.ആർ വ്യതിയാനം പ്രതിസന്ധിയാവില്ലെന്നാണ് വിശ്വാസം
എ.കബീർ, ലൈൻ പ്രൊഡ്യൂസർ