അമ്പലപ്പുഴ: നെൽകർഷകർക്ക് ആശ്വാസമേകാൻ പാടശേരങ്ങൾക്ക് ആധുനിക മോട്ടോർ പമ്പുകൾ ലഭ്യമാക്കി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്. പദ്ധതി വിഹിതത്തിൽ 49 ലക്ഷം രൂപ വകയിരുത്തിയാണ് വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പുകൾ ലഭ്യമാക്കിയത്. 590 ഏക്കർ വരുന്ന പുറക്കാട് പഞ്ചായത്തിലെ അപ്പാത്തിക്കരി,65 ഏക്കർ വരുന്ന പുന്നപ്ര വടക്ക് പഞ്ചായത്തിലെ അഞ്ഞൂറ്റുംപാടം, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടത്ത് 9 ഏക്കർ വരുന്ന വട്ടപ്പായിത്ര തുടങ്ങി മൂന്ന് പാടശേഖരങ്ങൾക്കാണ് പമ്പ് നൽകിയത്. 50 എച്ച് .പി, 30 എച്ച്. പി, 15 എച്ച് .പി പമ്പുകളാണ് പാടശേഖരങ്ങൾക്ക് കൈമാറിയത്. പ്രളയ ഘട്ടത്തിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന പമ്പിന് പാടശേഖരങ്ങളിൽ സാധാരണ സ്ഥാപിക്കുന്ന പെട്ടിയും പറയും പമ്പിൽ നിന്ന് വ്യത്യസ്തമായി അറ്റകുറ്റപ്പണി കുറവാണ്. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന തടത്തിൽ, കുന്നുമ്മ പടിഞ്ഞാറ്, കാരറ്റ് എന്നീ മൂന്നു പാടശേഖരങ്ങൾക്കു കൂടി ഈ പമ്പുകൾ ഉടൻ ലഭ്യമാക്കും.കൃഷിയുടെ ഇടവേളകളിൽ അറ്റകുറ്റപ്പണിക്കായി പെട്ടിയും പറയും ഇളക്കി മാറ്റുമ്പോൾ പുറം ബണ്ടുകൾക്കുണ്ടാകുന്ന ബലക്ഷയത്തെത്തുടർന്ന് പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായി കൃഷി നശിക്കുമെന്ന ആധിയിൽ നിന്ന് കർഷകർക്ക് രക്ഷനേടാനാകും എന്നതാണ് വെർട്ടിക്കൽ ആക്സിയൽ ഫ്ലോപമ്പ് സ്ഥാപിക്കുന്നതിന്റെ പ്രധാനഗുണം . പുറക്കാട് അപ്പാത്തിക്കരി പാടശേരത്ത് സ്ഥാപിച്ച പമ്പിന്റ് സ്വിച്ച് ഓൺ എച്ച്. സലാം എം.എൽ. എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, പഞ്ചായത്ത് പ്രസിഡന്റ് എ .എസ്. സുദർശനൻ, വൈസ് പ്രസിഡന്റ് വി.എസ് .മായാദേവി തുടങ്ങിയവർ പങ്കെടുത്തു.