മുതുകുളം: ശാരീരിക വെല്ലുവിളികളെ തോൽപിച്ച് ഗൗതമി കരസ്ഥമാക്കിയത് എസ്.എസ്.എൽ.സി.ക്ക് തിളക്കമാർന്ന വിജയം. സ്‌പൈനൽ മസ്‌ക്കുലർ അട്രോഫി എന്ന രോഗം ബാധിച്ച മുതുകുളം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥി സി.എസ്. ഗൗതമിയാണ് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേട്ടമാണ് കൈവരി​ച്ചത്.
ജീവകാരുണ്യ പ്രവർത്തകനും പത്തിയൂർ തൂണേത്ത് ഗവ. എസ്.കെ.വി.എൽ.പി.സ്‌കൂൾ അദ്ധ്യാപകനുമായ മുതുകുളം തെക്ക് ചാങ്ങയിൽവടക്കതിൽ കൃഷ്ണകുമാറിന്റെയും ശ്രീകലയുടെയും മകളാണ് ഗൗതമി. എൺപത് ശതമാനത്തിലധികം വൈകല്യമുളളതിനാൽ ചെറുപ്പം മുതലേ അമ്മയാണ് വീൽച്ചെയറിൽ സ്‌കൂളിൽ കൊണ്ടു പോകുന്നതും വരുന്നതും. കൊവിഡ് കാലമായതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് വിക്ടേഴ്സ് ചാനൽ പ്രയോജനപ്പെടുത്തിയായിരുന്നു പഠനം. സ്‌കൂളിലെ അധ്യാപകരും കൂട്ടുകാരും നല്ല രീതിയിൽ സഹായിച്ചു. ഗൗതമിയുടെ മിന്നുന്ന വിജയം സ്‌കൂളിനും അഭിമാനമായി.
ഗൗതമിയെ പത്തനാപുരം ഗാന്ധിഭവൻ സ്നേഹോപഹാരം നൽകി അനുമോദിച്ചു. ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫണേജ് കൺട്രോൾ ബോർഡ് അംഗവുമായ പുനലൂർ സോമരാജന്റെ നിർദേശ പ്രകാരം ഹരിപ്പാട് ഗാന്ധിഭവൻ സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ വീട്ടിലെത്തി സമ്മാനം കൈമാറി. ഗൗതമിയെ നേരിട്ട് വിളിച്ച് സോമരാജൻ അഭിനന്ദിക്കുകയും ചെയ്തു.
നാലാം ക്ലാസുകാരി കൃഷ്ണഗാഥയാണ് ഗൗതമിയുടെ സഹോദരി.