a
ശിവൻ

മാവേലിക്കര: ഇലിപ്പക്കുളത്ത് വ്യാജ വിദേശമദ്യ നിർമ്മാണ കേന്ദ്രത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 1460 ലിറ്റർ സ്പിരിറ്റും വ്യാജ മദ്യവും പിടികൂടി. 2 പേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ടീമിലെ പ്രിവന്റീവ് ഓഫീസർ ജി.ഗോപകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

ഇലിപ്പക്കുളം ഇടയില വടക്കതിൽ വീട്ടിലാണ് വ്യാജമദ്യ നിർമ്മാണം നടത്തിയത്. 35 ലിറ്റർ കൊള്ളുന്ന 20 കന്നാസുകളിലായി 700 ലിറ്റർ സ്പിരിറ്റ്, നിറം ചേർത്ത 360 ലിറ്റർ സ്പിരിറ്റ്, നിറം ചേർക്കാനായി നേർപ്പിച്ച 400 ലിറ്റർ സ്പിരിറ്റ് എന്നിവയാണ് പിടിച്ചെടുത്തത്.

വീട്ടുടമ ശിവൻ (58), നിരവധി സ്പിരിറ്റ് കേസുകളിലെ പ്രതിയായ മനുകുമാർ (മണിക്കുട്ടൻ- 40) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂട്ടാളികളായ കിഷോർ എന്ന ഹാരിജോൺ, കാപ്പ അടക്കമുള്ള കേസുകളിലെ പ്രതിയായ റിയാസ്ഖാൻ എന്നിവർക്കെതിരെയും കേസെടുത്തു. ഇവർ ഒളിവിലാണ്. ആലപ്പുഴ ഐ.ബി ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തയത്.