കുട്ടനാട്: കാലവർഷം കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിലാകെ വെള്ളം നിറഞ്ഞ് കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ. വെള്ളപ്പൊക്കത്തിന് പുറമെ യാത്രാദുരിതവും കൂടിയായതോടെ പൊറുതിമുട്ടിയ അവസ്ഥയിലാണ് കുട്ടനാട്. പുഞ്ച കൃഷി ചെയ്ത പാടശേഖരങ്ങളിൽ മിക്കതും വെള്ളപ്പൊക്കം ഭയന്ന് രണ്ടാം കൃഷി ഉപേക്ഷിച്ചിരുന്നു., ഇതോടെ മഴയൊന്ന് കനത്താൽ തന്നെ വെള്ളം ബണ്ടുകൾക്ക് കവിഞ്ഞൊഴുകുന്നു.
തരിശിട്ടിരിക്കുന്ന പാടശേഖരങ്ങളിലെ ജലനിരപ്പ് താഴ്ത്തി നിർത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമെങ്കിലും
ബന്ധപ്പെട്ട പാടശേഖരസമിതികളോ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളോ തയ്യാറാകാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, കാവാലം, കൈനകരി തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെളളം കയറുകയും കെടുതികൾ ഏറെ രൂക്ഷമാകുകയും ചെയ്തിട്ടുള്ളത്. എ സിറോഡിൽ ഒന്നാങ്കര പാലം മുതൽ പള്ളിക്കുട്ടുമ്മ വരെയുള്ള ഭാഗം മുഴുവനും വെള്ളത്തിൽ മുങ്ങി.