ആലപ്പുഴ: അപകടമേഖലകളിൽ കൈത്താങ്ങാവുന്ന ഫയർഫോഴ്‌സിന്റെ കരുത്ത് കൂട്ടുന്നതിന് ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളിലേക്ക് അഞ്ച് അത്യാധുനിക വാഹനങ്ങൾ എത്തി. ഫോം ടെൻഡർ ഒന്ന്, മൾട്ടി യൂട്ടിലിറ്റി രണ്ട്, ആംബുലൻസ് ഒന്ന്, ജീപ്പ് ഒന്ന് എന്നീ വിഭാഗത്തിലുള്ള വാഹനങ്ങളാണ് അനുവദിച്ചത്. ആലപ്പുഴ, അരൂർ, ചേർത്തല, ചെങ്ങന്നൂർ സ്റ്റേഷനുകളിലേക്കാണ് വാഹനങ്ങൾ അനുവദിച്ചത്. ഓയിൽ പോലെയുള്ളവയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അപകടങ്ങളിലെ രക്ഷാപ്രവർത്തനത്തിനാണ് ഫോം ടെൻഡർ വാഹനം ഉപയോഗിക്കുന്നത്. മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ ചെറുതായതിനാൽ ഇടറോഡുകളിലൂടെ എത്തി സേനാംഗങ്ങൾക്ക് വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയും.