അമ്പലപ്പുഴ : പാടശേഖരങ്ങളിൽ രണ്ടാം കൃഷി ഇല്ലാത്തതിനാൽ ഒരു പ്രദേശമാകെ മാസങ്ങളായി വെള്ളക്കെട്ടിൽ. തകഴി പഞ്ചായത്ത് മൂന്നാം വാർഡ് പടഹാരത്തെ ഇരുപതോളം കുടുംബങ്ങളാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ ദുരിതത്തിലായത്. 28 ഏക്കറുള്ള തുരുത്തും പാടം, 37 ഏക്കറുള്ള കാടംപുറം എന്നീ പാടശേഖരങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി രണ്ടാം കൃഷി ചെയ്യുന്നില്ല.2018ലെ പ്രളയത്തിനു ശേഷം ഈ പ്രദേശമാകെ ഇക്കാരണത്താൽ കനത്ത വെള്ളക്കെട്ടിലാണ്.
ഇത്തവണ മേയ് മാസം മുതൽ രൂക്ഷമായ വെള്ളക്കെട്ടിന് ഇനിയും പരിഹാരമായിട്ടില്ല. മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാനോ രണ്ടാം കൃഷി ചെയ്യാനോ പാടശേഖര സമിതി തയ്യാറാകാത്തതാണ് കാരണം. വീടുകൾക്ക് നാലു വശവും വെള്ളക്കെട്ടായതോടെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ.പാടശേഖരമാകെ പോള നിറഞ്ഞു കിടക്കുന്നതിനാൽ ഇഴ ജന്തുക്കളുടെയും, കൊതുകിന്റെയും ശല്യവും കൂടുതലാണ്. ഇനി മാസങ്ങളോളം ഈ ദുരിതം തുടരേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത്.പഞ്ചായത്തും കൃഷി വകുപ്പും അടിയന്തിരമായി ഇടപെട്ട് രണ്ടാം കൃഷി ചെയ്ത് തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.