ഡ്രൈവിംഗ് പരിശീലനം പുനരാരംഭിച്ചു
ആലപ്പുഴ : നീണ്ട മൂന്ന് മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിച്ചു. പ്രവർത്തനാനുമതി ലഭിച്ച ആദ്യ ദിനമായ ഇന്നലെ പരിശീലന കേന്ദ്രം വൃത്തിയാക്കുന്നതിനും, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുമാണ് കൂടുതൽ സമയം ചിലവായത്. നിലവിൽ പഠിച്ചുകൊണ്ടിരുന്നവർക്ക് സമയക്രമങ്ങൾ ഏർപ്പെടുത്തി ഇന്നു മുതലേ ഭൂരിഭാഗം സ്കൂളുകളും ഡ്രൈവിംഗ് പരിശീലനം ആരംഭിക്കൂ.
കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് ഒരു സമയം ഒരു പഠിതാവിന് മാത്രമേ പരിശീലനം നൽുകയുള്ളൂ. ഇതിനായി പ്രത്യേകം ടൈംടേബിൾ നിശ്ചയിക്കണം. ഒരാൾക്ക് അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെയാണ് പരിശീലന സമയം. ഇത്തരത്തിൽ പരമാവധി 40 ക്ലാസുകൾ കൊണ്ട് ടെസ്റ്റിൽ പങ്കെടുക്കാൻ പ്രാപ്തി നേടും. ഒരാൾക്ക് മാത്രമായി പരിശീലനം നടത്തുന്നത് സ്കൂൾ നടത്തിപ്പുകാർക്ക് അധിക ജോലിഭാരമാകും. മുമ്പ് പരമാവധി നാല് പേർക്ക് വരെ ഒരു റൂട്ടിൽ പരിശീലനം നൽകാൻ സാധിക്കുമായിരുന്നു.
ദക്ഷിണ വയ്ക്കാതെ
കർക്കടകം
കർക്കടകത്തിൽ പഠനത്തിന് ചേരുന്നവർ കുറവാണെന്ന് ഡ്രൈവിംഗ് സ്കൂൾ പരിശീലകർ പറയുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലം പഠിക്കാൻ ചേരുന്നവരുടെ എണ്ണവും കുറവാണ്. മുമ്പ് പരിശീലനം നടത്തിക്കൊണ്ടിരുന്നവരുടേത് പുനരാരംഭിക്കുകയാണ് ഇളവ് കിട്ടിയ ആദ്യ നാളുകളിൽ ചെയ്യുക. വരും ദിവസങ്ങളിൽ ടി.പി.ആർ നിരക്ക് കുറയുകയും, ഇളവുകൾ നീളുകയും ചെയ്താൽ മാത്രമേ ചിങ്ങമാസത്തിലെങ്കിലും പുതിയ അഡ്മിഷനുകൾ ലഭിക്കുകയുള്ളൂവെന്നാണ് ഡ്രൈവിംഗ് സ്കൂളുകാരുടെ കണക്കുകൂട്ടൽ.
ടെസ്റ്റ് പിന്നാലെ
ഡ്രൈവിംഗ് ടെസ്റ്റിന് അനുമതി ലഭിച്ചെങ്കിലും, പരീക്ഷയ്ക്കെത്തേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതടക്കം പൂർത്തിയായ ശേഷമേ ടെസ്റ്റ് നടത്തൂ. ലേണേഴ്സ് പാസായി ടെസ്റ്റിന് കാത്തുനിൽക്കുന്നവർക്കായിരിക്കും മുൻഗണന. വ്യാഴാഴ്ചയോടെ റോഡ് ടെസ്റ്റ് ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്.
കൊവിഡ് കാലത്ത് അഡ്മിഷനെടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഒരു വിദ്യാർത്ഥിയെ മാത്രം വെച്ച് പരിശീലനം നടത്തുന്നത് ആരോഗ്യപരമായി സുരക്ഷയാണെങ്കിലും, പരിശീലകർക്ക് അധിക ജോലിഭാരമാണ് വരുത്തുക - ഓസ്റ്റിൻ, ഓസ്റ്റിൻ ഡ്രൈവിംഗ് സ്കൂൾ, ആലപ്പുഴ