മാവേലിക്കര: കർക്കിടകം ആരംഭിച്ചു നാലു നാൾ പിന്നിടുമ്പോഴും കണ്ടിയൂർ പ്രേം ശങ്കറിന് സുഖ ചികിത്സ ആരംഭിച്ചിട്ടില്ല. ഹരിപ്പാട്, കരുനാഗപ്പള്ളി ഗ്രൂപ്പുകളിലെ ആനകൾക്ക് കർക്കിട സുഖ ചികിത്സ ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കണ്ടിയൂർ മഹാദേവ ക്ഷേത്രം വക ആനയുടെ ദുർയോഗം. ഡോക്ടറുടെ നിർദ്ദേശം ലഭിച്ച ശേഷം മാത്രമെ സുഖ ചികിത്സ ആരംഭിക്കാൻ സാധിക്കൂ എന്നാണ് ഇത് സംബന്ധിച്ച ദേവസ്വം ബോർഡിന്റെ വിശദീകരണം. കഴിഞ്ഞ വർഷവും നിരവധി പരാതികൾക്ക് ശേഷം ചിങ്ങത്തിലാണ് ആനയ്ക്ക് കർക്കിടക സുഖചികിത്സ നൽകിയതെന്ന് നാട്ടുകാർ പറയുന്നു. സമീപ പ്രദേശങ്ങളിലുള്ള ഏവൂർ കണ്ണൻ, ഹരിപ്പാട് സ്‌കന്ദൻ, ആദിനാട് ആനകൾ എന്നിവയ്ക്കാണ് നിലവിൽ സുഖ ചികിത്സ ആരംഭിച്ചിരിക്കുന്നത്. ആനയ്ക്ക് സുഖ ചികിത്സ ആരംഭിക്കുവാനുള്ള നടപടി ഉടൻ ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.