veliyanad
വെളിയനാട് ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃതവത്തിൽ തരിശുനിലത്ത് കൃഷി ഇറക്കുന്നതിന്റെ പ്രാരംഭ ജോലികളുടെ ഉദ്ഘാടനം വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം വി വിശ്വംഭരൻ നിർവഹിക്കുന്നു

കുട്ടനാട്: തരിശുനിലം കൃഷിയോഗ്യമാക്കിമാറ്റാനുള്ള വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്റെ യജ്ഞം ഹൃദയത്തിലേറ്റി നാട്ടുകാർ. 2021- 22 വാർഷികപരിപാടിയുടെ ഭാഗമായാണ് കൃഷി നടപ്പാക്കുക . വെളിയനാട് പഞ്ചായത്ത് 11ാംവാർഡ് ജോളി നാൽപ്പതാംകളത്തിന്റെ ഉടമസ്ഥതയിലുള്ള നൂറ് പറ - നാൽപ്പതാംകളം പാടശേഖരത്ത് കഴിഞ്ഞ 37 വർഷമായി തരിശിട്ടിരുന്ന രണ്ടര ഹെക്ടറിൽ കൃഷി ഇറക്കുന്നതിനുള്ള പ്രാരംഭ ജോലികൾക്ക് ഇന്നലെ തുടക്കമായി. നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം പ്രസിഡന്റ് എം.വി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എ.വി. പ്രിയ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി സജീവ്, ബി.ഡി.ഒ ലാൽകുമാർ, ബിന്ദു തോമസ്, സി.വി രാജീവ്, സാബു തോട്ടുങ്കൽ,ഹരിലാൽ, ശോഭന സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ നിഖിൽ ആർ. പിള്ള നന്ദിയും വാർഡ് അംഗം രാജേഷ് സ്വാഗതവും പറഞ്ഞു.