 അരൂരിൽ തുടക്കം, പത്തിയൂരിൽ ഉടൻ

ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ആദിവാസി കുടുംബങ്ങളിലെ യുവതീ യുവാക്കൾക്കായി കുടുംബശ്രീ നേതൃത്വത്തിൽ യൂത്ത്ക്ലബ്ബ് രൂപീകരിച്ചു. അരൂരിലാണ് തുടക്കം കുറിച്ചത്. പത്തിയൂരിൽ ഉടൻ പ്രവർത്തനം ആരംഭിക്കും.

സംസ്ഥാന കുടുംബശ്രീ മിഷന്റെ പട്ടികവർഗ പ്ലാൻഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തനം. ഇത്തവണ പ്ലാൻ ഫണ്ടിലേക്ക് 5.75 ലക്ഷം രൂപയാണ് ലഭിച്ചത്. യുവാക്കളെ വിദ്യാസമ്പന്നരാക്കാനും സർക്കാർ ജോലിയോ മറ്റു തൊഴിലവസരങ്ങളോ സൃഷ്ടിച്ച് സ്വയം പര്യാപ്തരാക്കാനുമാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. പഠനം പാതിവഴിയിൽ മുടങ്ങിയവരെ പൂർത്തിയാക്കാൻ സഹായിക്കും. ബിരുദം വരെയെങ്കിലും പഠിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പി.എസ്.സി പരിശീലനം നൽകി സർക്കാർ ജോലിയിലെത്തിക്കാനുള്ള ശ്രമവും നടത്തും.

56 സി.ഡി.എസുകളിലായി ചിതറിക്കിടക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള യുവാക്കൾ ക്ലബ്ബിൽ അംഗങ്ങളാകും. രജിസ്‌ട്രേഷനുള്ള ചെലവ് കുടുംബശ്രീ ജില്ലാ മിഷനാണ് വഹിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ തുക പ്ലാൻഫണ്ടിൽ നിന്ന് കണ്ടെത്തും. 35 വയസുവരെ ഉള്ളവരാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രശാന്ത് ബാബു, എ.ഡി.എം സി.കെ.വി. സേവ്യർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടത്തുന്നത്.

 പി.എസ്.സി പഠിതാക്കൾ 30

ജില്ലയിൽ ആദിവാസി കുടുംബങ്ങളിൽ നിന്ന് 30 പി.എസ്.സി പഠിതാക്കളുണ്ട്. 3 പേർക്ക് കഴിഞ്ഞ ദിവസം നിയമന ഉത്തരവ് ലഭിച്ചു. രണ്ട് പേർ പൊലീസിലാണ്. ഒരാൾ എൽ.ഡി ക്ലർക്ക്. പരിശീലനം സൗജന്യമാണ്. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. കൊവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ ഓൺലൈനായി നൽകുന്നുണ്ട്. കായിക രംഗത്ത് മികവ് പുലർത്തുന്നവർക്ക് ബൂട്ട്, ജേഴ്സി എന്നിവയും നൽകുന്നുണ്ട്.

 ഗ്രൂപ്പ് സംരംഭം

ആദിവാസികളുടെ തൊഴിൽ ഉന്നമനത്തിനായി ഇക്കുറി കോഴി, ആട് വളർത്തൽ ഫണ്ടുമുണ്ട്. കുടുംബശ്രീയിൽ നിന്ന് അതത് സി.ഡി.എസ് ഗ്രൂപ്പുകൾക്ക് പണം കൈമാറും. അവരാണ് പദ്ധതി നിരീക്ഷിക്കുന്നത്. ഒരു ഗ്രൂപ്പിന് 25 കോഴിയും കൂടും തീറ്റയും നൽകും. 18,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്.

............................

ആദിവാസികളെ മുഖ്യധാരയിൽ എത്തിക്കാൻ നടത്തുന്ന പദ്ധതി ജില്ലയിൽ വിജയകരമാണ്. ക്ലബ്ബ് അംഗങ്ങൾക്ക് വരുമാനമാർഗം കണ്ടെത്തി നൽകാൻ അരൂർ പി.എച്ച്‌.സിയിൽ കാപ്പിക്കട ആരംഭിക്കാനുള്ള ശ്രമങ്ങളും ജില്ലാമിഷൻ നടത്തുന്നുണ്ട്

(മോൾജി ഖാലിദ്, കുടുംബശ്രീ പ്രോഗ്രാം മാനേജർ)