മാവേലിക്കര: നൂറനാട് പടനിലം ഹൈസ്കൂൾ നിയമനവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി മാവേലിക്കര താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു. നൂറനാട് പാലമേൽ പഞ്ചായത്തുകളിലെ ഹൈന്ദവ വിശ്വാസികൾക്ക് മാത്രം അംഗത്വമുള്ള സ്കൂൾ ട്രസ്റ്റിന്റെ ഭരണം കൃത്രിമമാർഗത്തിലൂടെ സ്വന്തമാക്കിയ സി.പി.എം 1989 മുതൽ സ്കൂൾ ഭരണം നടത്തുകയാണ്. സ്കൂൾ നിയമാവലി പ്രകാരം മൂന്നുവർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പു നടത്തണമെന്ന നിയമം കാറ്റിൽ പറത്തി കാലങ്ങളായി ഭരണം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. 2000 മുതലുള്ള നിയമനങ്ങളിലൂടെ ഏകദേശം പതിനഞ്ചു കോടി രൂപയാണ് കോഴയായി കൈപ്പറ്റിയിരിക്കുന്നത്. വാർഷിക പൊതുയോഗം നടത്തി വരവ് ചെലവു കണക്കുകൾ അവതരിപ്പിക്കണമെന്ന നിയമം നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ല.
സ്വതന്ത്രവും, നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്നും ഇതിന് വിജിലൻസ് അന്വേഷണം അനിവാര്യമാണ്. സ്കൂൾ ഭരണം നിയമാവലിയിൽ പറഞ്ഞിരിക്കുന്ന പ്രകാരം വിശ്വാസികൾക്കും പടനിലം ക്ഷേത്രഭരണ സമിതിക്കും വിട്ടുനൽകണമെന്നും അല്ലാത്ത പക്ഷം നിയമപരമായും ജനകീയമായും നേരിടുമെന്നും താലൂക്ക് സമിതി അറിയിച്ചു. ജില്ലാ കാര്യകർത്താക്കളായ പാറ്റൂർ സുധർശനൻ, ശ്രീജിഷ് മുരളീധരൻ, താലൂക്ക് കാര്യകർത്താക്കളായ രാധാകൃഷ്ണ പണിയ്ക്കർ, പി.സൂര്യകുമാർ, അഡ്വ.കൃഷ്ണപ്രസാദ്, ജനാർദ്ദനകാരണവർ, കെ.പി.മുരളി വി.റ്റി.പ്രദീപ് എന്നിവർ സംസാരിച്ചു