ആലപ്പുഴ : ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്നവയിൽ,ആദ്യ 3(ഡി) വിജ്ഞാപനം അനുസരിച്ച് നടപടികൾ പൂർത്തീകരിച്ച സ്ഥലത്തിന്റെ ഉടമകൾക്കുള്ള നഷ്ടപരിഹാര വിതരണം ആരംഭിച്ചു. നഷ്ടപരിഹാരത്തുകയുടെ വിതരണം രണ്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യം.
പുറക്കാട് കുമാരന്റെ പറമ്പിൽ കലേശന്റെ 4.12സെന്റ് ഭൂമിയാണ് നടപടികൾ പൂർത്തീകരിച്ച് പണം നൽകി ആദ്യമായി ഏറ്റെടുത്തത്. നഷ്ടപരിഹാരത്തുകയായ 43,67,150രൂപ രണ്ട് ദിവസത്തിനുള്ളിൽ കലേശന്റെ അക്കൗണ്ടിൽ എത്തും. ഏറ്റെടുത്ത ഭൂമി എൽ.എ വിഭാഗം ഡെപ്യൂട്ടി കളക്ടർ ദേശീയപാത അതോറിട്ടിക്ക് കൈമാറി. നടപടികൾ പൂർത്തീകരിച്ച മൂന്ന് ഫയലുകളാണ് എൽ.എ വിഭാഗത്തിൽ ലഭിച്ചത്. ചേർത്തല താലൂക്കിൽ നിന്ന് ലഭിച്ച രണ്ട് ഫയലുകൾ പിഴവ് പരിഹരിച്ച് സമർപ്പിക്കാനായി മടക്കി അയച്ചു.
4354 കെട്ടിടങ്ങൾ ഒഴിപ്പിക്കും
തുറവൂർ മുതൽ ഓച്ചിറവരെയുള്ള പാതയുടെ വികസനത്തിനായി 8,250 വ്യക്തികളിൽ നിന്ന് ഏറ്റെടുത്ത ഭൂമിയിലുള്ള 4354 കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇല്ലാതാകും. ഒരു ഡെപ്യൂട്ടികളക്ടറുടെ നേതൃത്വത്തിൽ ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിലായി മൂന്ന് തഹസിൽദാർമാരുടെ സംഘമാണ് സ്ഥലം ഏറ്റെടുക്കൽ ജോലികൾ നടക്കുന്നത്.
ദേശീയപാത വികസനം ഒറ്റനോട്ടത്തിൽ
(തുറവൂർ മുതൽ ഓച്ചിറ വരെ)
ഏറ്റെടുക്കേണ്ട ഭൂമി..............................107ഹെക്ടർ
അളന്നു തിട്ടപ്പെടുത്തിയത്................. 105.02ഹെക്ടർ
ആവശ്യമായ തുക............................... 3100കോടി
വസ്തു ഉടമകൾ........................................8,250
പൊളിച്ചു മറ്റേണ്ട കെട്ടിടങ്ങൾ...........4354
ആദ്യഘട്ടത്തിൽ
അനുവദിച്ച തുക........................ 618കോടി
വിലനിർണയം പൂർത്തീകരിച്ച് റിപ്പോർട്ട് ലഭിച്ച വ്യക്തികൾക്കുള്ള നഷ്ടപരിഹാരത്തുകവിതരണം രണ്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യം.
ഡെപ്യൂട്ടി കളക്ടർ (എൽ.എ), എൻ.എച്ച് വിഭാഗം